Join News @ Iritty Whats App Group

പണമിടപാട് സ്ഥാപനം വീട്ടുകാരെ ശല്യം ചെയ്തു; മുഖ്യമന്ത്രിയോട് പരാതി പറയാൻ പ്ലസ് വൺകാരന്റെ ഒളിച്ചോട്ടം

തിരുവനന്തപുരം: വീട്ടിൽ നിന്ന് ഒളിച്ചോടി മുഖ്യമന്ത്രിയെ കാണാനെത്തിയ 16 കാരനെ ഓഫീസിൽ വിളിച്ചു വരുത്തി ഉപദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റ്യാടി കാക്കുനി സ്വദേശിയായ പ്ലസ് വൺ വിദ്യാർഥിയുടെതാണ് അല്പം കടന്ന സാഹസിക യാത്ര. ഇന്നലെ രാവിലെ വടകരയിൽ നിന്ന് ഏറനാട് എക്സ്പ്രസിൽ കയറി കുറ്റ്യാടി വേളം പഞ്ചായത്ത് സ്വദേശിയായ ദേവനന്ദൻ രാത്രിഒമ്പതു മണിയോടെയാണ് തിരുവനന്തപുരത്ത് എത്തിയത്.

തമ്പാനൂരിൽ നിന്ന് ഓട്ടോയിൽ ദേവസ്വം ബോർഡ് ജംഗ്ഷനിൽ എത്തി. മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് പോകണം എന്ന് സുരക്ഷ ചുമതലയുണ്ടായിരുന്ന പോലീസുകാരോട് ആവശ്യപ്പെട്ടു. സംശയം തോന്നിയ പൊലീസുകാർ കുട്ടിയെ മ്യൂസിയം പോലീസ് സ്റ്റേഷനിൽ എത്തിച്ചു. രാത്രി ഭക്ഷണം വാങ്ങി നൽകിയ പൊലീസുകാർ കുട്ടി സുരക്ഷിതനാണെന്ന് പിതാവ് തറക്കണ്ടി രാജീവനെ അറിയിച്ചു.

പരിഭ്രാന്തരായി ഇരിക്കുകയായിരുന്ന രക്ഷിതാക്കാൾക്ക് പോലീസിന്റെ സന്ദേശം ആശ്വാസം നൽകി. രാവിലെ രാജീവൻ മ്യൂസിയം സ്റ്റേഷനിലെത്തി. മുഖ്യമന്ത്രിയെ കാണാൻ ആണ് വന്നത് എന്ന് പറഞ്ഞതോടെ പൊ‍ലീസ് രാവിലെ തന്നെ വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. സംഭവം അറിഞ്ഞ മുഖ്യമന്ത്രി ദേവനന്ദനെയും പിതാവ് രാജീവനേയും ചേംബറിലേക്ക് വിളിപ്പിച്ചു.

വീട്ടുകാർ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് പണം പലിശക്ക് വാങ്ങിയെന്നും അതിന്റെ ലോൺ തിരിച്ചടവ് മുടങ്ങിയതോടെ അവർ ശല്യം ചെയ്യുകയാണ് എന്നുമായിരുന്നു ദേവനന്ദന്റെ പരാതി. കാര്യങ്ങൾ ക്ഷമയോടെ കേട്ട മുഖ്യമന്ത്രി വീട്ടുകാരോട് പറയാതെ യാത്ര ചെയ്തതിന് വിദ്യാർത്ഥിയെ സ്നേഹത്തോടെ ശാസിച്ചു. ഇനി വീട്ടുകാരോട് പറയാതെ എവിടെയും പോകരുത് എന്ന് നിർദേശിച്ച ശേഷം യാത്രയാക്കി.

ദേവനന്ദൻ ഉന്നയിച്ച പരാതിയിൽ സർക്കാരിന് എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന് പരിശോധിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. തന്റെ പരാതി കേൾക്കാൻ മുഖ്യമന്ത്രി തയ്യാറായതോടെ യാത്രയുടെ ഉദ്ദേശം വിജയിച്ച സന്തോഷത്തിലാണ് ദേവനന്ദൻ. ആവള ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ ഹ്യുമാനിറ്റീസ്‌ വിദ്യാർഥിയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group