Join News @ Iritty Whats App Group

ക്ഷേത്രത്തിലെ വിവാഹത്തിന് മുസ്‌ളീം ലീഗിന്റ ക്ഷണക്കത്ത് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു


ക്ഷേത്രത്തില്‍ നടക്കുന്ന വിവാഹത്തിന് പാര്‍ട്ടിയുടെയും പോഷക സംഘടനകളുടെയും പേരില്‍ ക്ഷണക്കത്ത് നല്‍കിയ മുസ്‌ളീം ലീഗ് വേങ്ങര പന്ത്രണ്ടാം വാര്‍ഡ് കമ്മിറ്റിയുടെ നടപടി സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. വേങ്ങര മനാട്ടിപറമ്പ് റോസ് മാനര്‍ അഗതിമന്ദിരത്തിലെ ഗിരിജയും എടയൂര്‍ ചന്ദനപറമ്പില്‍ രാകേഷും തമ്മിലുള്ള വിവാഹത്തിന്റെ ചടങ്ങിലേക്കാണ് അതിഥികളെ ക്ഷണിച്ചുകൊണ്ട് വേങ്ങര 12ാം വാര്‍ഡ് മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എംഎസ്എഫ് കമ്മിറ്റിയും ക്ഷണക്കത്ത് തെയ്യാറാക്കിയത്. അമ്മാഞ്ചേരിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹം.


ഇവര്‍ തമ്മിലുള്ള വിവാഹം മംഗളമാക്കാനും ക്ഷേത്രപരിസരത്ത് പ്രത്യേകം തയാറാക്കിയ പന്തലില്‍ ഒരുക്കിയ സദ്യ കഴിക്കാനും എല്ലാവരും കുടുംബ സമേതം എത്തണമെന്നാണ് ലീഗ് കമ്മിറ്റി ക്ഷണിച്ചിരിക്കുന്നത്. രാവിലെ 8.30നും 9നും മധ്യേയാണ് മുഹൂര്‍ത്തം. എളമ്പിലക്കാട് ആനന്ദ് നമ്പൂതിരിയുടെ കാര്‍മികത്വത്തിലാണ് വിവാഹം

വലിയോറ മനാട്ടിപറമ്പ് റോസ് മാനര്‍ അഗതിമന്ദിരത്തിലെ അന്തേവാസിയാണ് ഗിരിജ. പിതാവ് ഉപേക്ഷിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ പത്ത് വര്‍ഷമായി പാലക്കാട് സ്വദേശിയായ ഗിരിജ അമ്മയോടും അനിയത്തിയോടും ഒപ്പം റോസ് മാനറിലാണ് താമസിക്കുന്നത്. വരന്‍ രാകേഷുമായുള്ള വിവാഹം ഉറപ്പിക്കുന്നത് മുതല്‍ എല്ലാ കാര്യങ്ങള്‍ക്കും നേത്യത്വം നല്‍കിയത് റോസ് മാനര്‍ സൂപ്രണ്ട് ധന്യയോടൊപ്പം പന്ത്രണ്ടാം വാര്‍ഡ് മുസ്ലിം ലീഗ് പ്രവര്‍ത്തകരാണ്.

ഗിരിജക്ക് ഉള്ള കല്യാണ വസ്ത്രങ്ങളും ആഭരണങ്ങളും സംഘടിപ്പിച്ചതിന് പുറമെ 600 പേര്‍ക്കുള്ള വിവാഹ സദ്യയും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ 5 വര്‍ഷമായി റോസ് മനാറിലെ അന്തേവാസികള്‍ക്കുള്ള ഭക്ഷണ ചെലവ് മനാട്ടിപറമ്പ് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേത്യത്വത്തിലാണ് നടന്നു വരുന്നത്. അതോടൊപ്പം നാട്ടുകാരും മറ്റ് മനുഷ്യസ്‌നേഹികളും പല തരത്തിലുള്ള സഹായമായി റോസ് മനാറില്‍ എത്താറുണ്ട്.

താലികെട്ടിന് ശേഷം ക്ഷേത്ര പരിസരത്ത് നടക്കുന്ന ആശിര്‍വാദ ചടങ്ങില്‍ പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി എം എല്‍ എ, ഇ ടി മുഹമ്മദ് ബഷീര്‍ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ, എ പി ഉണ്ണികൃഷ്ണന്‍, ടി പി എം ബഷീര്‍, മറ്റ് ജന പ്രതിനിധികള്‍, വിവിധ മത – രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

Post a Comment

Previous Post Next Post
Join Our Whats App Group