Join News @ Iritty Whats App Group

ഇ.പി കയറാത്ത വിമാനത്തിൽ താനും പിന്നെ കയറിയിട്ടില്ല; അദ്ദേഹവുമൊന്നിച്ചുള്ള ഇൻഡിഗോ യാത്ര ആ​ഗ്രഹിക്കുന്നുവെന്ന് ഫർസിൻ മജീദ്


എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെ പരിഹസിച്ചുകൊണ്ട് ഇൻഡിഗോ വിമാനത്തിൽ കയറി മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച ഫർസിൻ മജീദിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. സഖാവ് ഇ.പിയോട് ഏറെ സ്നേഹത്തോടെ, അങ്ങയുടെ ഏറ്റവും പ്രിയപ്പെട്ട ഫർസിൻ എഴുതുന്നത് എന്ന തരത്തിൽ തുറന്ന കത്തിന്റെ രൂപത്തിലാണ് ഫെയ്സ്ബുക്ക് പോസ്റ്റ്. ഇ.പി ജയരാജൻ കയറാത്ത വിമാനത്തിൽ താനും പിന്നെ കയറിയിട്ടില്ലെന്നും ഇതൊക്കെ ഒന്ന് കെട്ടടങ്ങുമെങ്കിൽ ഒന്നിച്ചുള്ള ഒരു ഇൻഡിഗോ യാത്രയ്ക്ക് പോലും തയ്യാറാണെന്നും ഫർസിൻ മജീദ് ഫെയ്സ്ബുക്കിൽ കുറിച്ചു. 

നമ്മൾ മാത്രം ഉൾപ്പെട്ട ഒരു വിഷയത്തിൽ അങ്ങയെ ആ കാര്യോം പറഞ്ഞുകൊണ്ട് ബഹു. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അപമാനിക്കാൻ ശ്രമിച്ചത് എനിക്ക് ഏറെ വേദന ഉണ്ടാക്കി. നമ്മൾ രണ്ടുപേരുടെയും വിലക്ക് നിലവിൽ കഴിഞ്ഞു എന്നുള്ളത് പോലും ഈ മനുഷ്യൻ മനസിലാക്കിയിട്ടില്ല.. ഒരു പക്ഷെ അങ്ങ് ഇനി ഇൻഡിഗോ വിമാനത്തിൽ കയറുന്നേ ഇല്ലാ എന്ന് സ്വയം എടുത്ത തീരുമാനം കേട്ട് തെറ്റിദ്ധരിച്ചതാവും.

എന്തൊക്കെ പറഞ്ഞാലും അകെ 2-3 ആഴ്ച്ചകൾ മാത്രം വിലക്ക് കിട്ടിയ തെറ്റേ നമ്മൾ ചെയ്തുള്ളൂ എന്നുള്ളത് നമുക്ക് അറിയാലോ..! ഈ ഗവർണർ പദവി തന്നെ വേണ്ടാത്ത പദവി ആണെന്ന് സഖാവ് പറഞ്ഞതാവും ഇതൊക്ക ഇങ്ങനെ വിളിച്ചു പറയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. മനസ്സിൽ ഒന്നും വെക്കാത്ത ആളാണ് സഖാവ് എന്ന് എനിക്കല്ലേ അറിയൂ.


എന്തൊക്കെ അയാലും ഈ പോണവരും വരണവരും ഒക്കെ അങ്ങയെ ആ വിമാനോം പറഞ്ഞ് അപമാനിക്കുന്നതിൽ എന്നോട് ഒന്നും തോന്നരുത്. ഇനിയെങ്ങിലും സഖാവ് ആ വിമാനത്തിൽ കയറി ഒന്ന് യാത്ര ചെയ്ത് അപമാനിക്കുന്നവർക്ക് മറുപടി നൽകണം എന്നാണ് എന്റെ അഭിപ്രായം. പിന്നൊരു സത്യം കൂടി പറയട്ടെ..അങ്ങ് കയറാത്ത വിമാനത്തിൽ എനിക്കും കയറാൻ ഒരു മടി പോലെ..ഞാനും പിന്നെ കയറീട്ടില്ല..!
ഇതൊക്കെ ഒന്ന് കെട്ടടങ്ങുമെങ്കിൽ ഒന്നിച്ചുള്ള ഒരു ഇൻഡിഗോ യാത്രയ്ക്ക് പോലും ഞാൻ തയ്യാറാണ്. എന്ന് – മറുപടി നൽകുമെന്ന പ്രതീക്ഷയോടെ അങ്ങയുടെ പ്രിയപ്പെട്ട ഫർസിൻ മജീദ് (ഒപ്പ്)- ഫർസിൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിൽ കയറി മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച ഫർസിൻ മജീദ്, നവീൻകുമാർ എന്നിവരെ ഇ.പി ജയരാജൻ തള്ളിയിട്ട് അപായപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ അന്ന് വിമാനത്തിലുണ്ടായിരുന്ന എൽ ഡി എഫ് കൻവീനർ ഇ.പി ജയരാജനെതിരെ ഇൻഡിഗോ വിമാന കമ്പനി യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നു. വിമാനം സമരവേദിയാക്കി മാറ്റിയ ഫർസീൻ മജീദ്, നവീൻകുമാർ എന്നിവരെയും വിലക്കിയിരുന്നു.

എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ വിമാനത്തിൽവെച്ച് വധിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് നേതാവ് ഫർസിൻ മജീദ് കൊല്ലം പോലീസ് ക്ലബിൽ എത്തി മൊഴി നൽകിയിരുന്നു. ഹൈക്കോടതി ജാമ്യവ്യവസ്ഥയിൽ തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കാൻ വിലക്കുള്ളതിനാലാണ് ഫർസിൻ കൊല്ലത്ത് എത്തി മൊഴിനൽകിയത്.



Post a Comment

Previous Post Next Post
Join Our Whats App Group