Join News @ Iritty Whats App Group

ലൈംഗീക പീഢന കേസിലെ ജാാമ്യം കോടതി റദ്ദാക്കി.കണ്ണൂർ കോർപ്പറേഷൻ കൌൺസിലർ വീണ്ടും ഒളിവിൽ

കണ്ണൂര്‍:  വനിതാ ജീവനക്കാരിയെ പീഡിപ്പിച്ചെന്ന കേസില്‍ കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ക്കെതിരെ പൊലീസ് നടപടി തുടങ്ങി.

എടക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വനിതാ സഹകരണ സംഘം ജീവനക്കാരിയെ പീഡിപ്പിച്ചെന്ന കേസില്‍ കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ പി വി കൃഷ്ണകുമാറിന് കീഴ്‌കോടതി നല്‍കിയ ജാമ്യമാണ് ജില്ലാ സെഷന്‍സ് കോടതി റദ്ദാക്കിയത്.

ഇതിന് പിന്നാലെ കൗണ്‍സിലറെ കാണാതാവുകയായിരുന്നു. അറസ്റ്റ് വാറന്റ് പൊലീസിന് കൈമാറാനിരിക്കെയാണ് കൃഷ്ണകുമാര്‍ വീണ്ടും ഒളിവില്‍ പോയത്. കീഴ്‌കോടതി നല്‍കിയ ജാമ്യം ജില്ലാ കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ കൃഷ്ണകുമാര്‍ വീണ്ടും അറസ്റ്റിലാവുകയോ കോടതിയില്‍ ഹാജരാവുകയോ വേണം. എന്നാല്‍ വാറന്റ് പൊലീസിന് ലഭിക്കുന്നതിന് മുന്‍പ് തന്നെ കൃഷ്ണകുമാര്‍ നാടുവിട്ടതായാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്.

കഴിഞ്ഞ ജൂലൈ 15 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഘത്തിലെ മുന്‍ ജീവനക്കാരനായ കൃഷ്ണകുമാര്‍ യുവതിയെ ഓഫിസ് മുറിയില്‍ വെച്ചു കടന്നു പിടിക്കുകയും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ് പരാതി. സംഭവത്തില്‍ യുവതി എടക്കാട് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കൃഷ്ണകുമാര്‍ നാടുവിടുകയായിരുന്നു.

ആദ്യം മാനന്തവാടിയിലും പിന്നീട് ഗൂഡല്ലൂര്‍, തിരുപ്പതി തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞതിനു ശേഷം ബെംഗ്ലൂറില്‍ നിന്നാണ് പൊലീസ് കൃഷ്ണകുമാറിനെ അറസ്റ്റു ചെയ്യുന്നത്. അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കിയതിനു ശേഷം ഇയാള്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. പിന്നീട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ പുനര്‍ പരിശോധനാ ഹരജിയിലാണ് ജാമ്യം റദ്ദു ചെയ്തു കൊണ്ടുള്ള വിധി വന്നത്.

എ പി ടി കെ രത്‌നകുമാറിന്റെ നേതൃത്വത്തില്‍ എടക്കാട് സി ഐ സത്യനാഥന്‍, എ എസ് ഐമാരായ പ്രവീണ്‍, സുജിത്ത്, എസ് പി ഒ സൂരജ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. സാധാരണ ഗതിയില്‍ പീഡനം നടന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ സി ഡി രൂപത്തിലാക്കിയാണ് പൊലീസ് കോടതിയില്‍ നല്‍കുന്നത്. എന്നാല്‍ ഇത്തവണ സ്‌ക്രിപ്റ്റ് രൂപത്തിലാക്കിയാണ് കോടതിയില്‍ നല്‍കിയത്.

എല്ലാ തെളിവുകളും ഹാജരാക്കിയിട്ടും കീഴ്‌കോടതി കുറ്റാരോപിതന് ജാമ്യം നല്‍കിയതോടെയാണ് എടക്കാട് സി ഐ യുടെ നേതൃത്വത്തില്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ കോടതിയില്‍ പുന:പരിശോധനാ ഹരജി നല്‍കിയത്. വാറന്റ് ലഭിച്ചയുടന്‍ കൃഷ്ണകുമാറിനെ അന്വേഷിച്ചു കണ്ടെത്തുമെന്ന് പൊലീസ് അറിയിച്ചു.

കൃഷ്ണകുമാര്‍ റിമാന്‍ഡിലായാല്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്ക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കൂടുതല്‍ ശക്തമായി ഉയരും. ഇതു ഭരണകക്ഷിയായ യു ഡി എഫിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുമെന്നാണ് സൂചന. കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലറായ കൃഷ്ണ കുമാര്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്റെ വിശ്വസ്തരിലൊരാള്‍ കൂടിയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group