Join News @ Iritty Whats App Group

മലമ്പാമ്പ് കിണറ്റിൽ വീണു; രക്ഷിക്കാനിറങ്ങിയ 55കാരനെ വലിഞ്ഞുമുറുക്കി കൊന്നു

ചെന്നൈ: കിണറ്റില്‍വീണ മലമ്പാമ്പിനെ പുറത്തെത്തിക്കാൻ ശ്രമിച്ച പാമ്പുപിടിത്തക്കാരനായ 55കാരന് ദാരുണാന്ത്യം. ജി നടരാജനാണ് മരിച്ചത്. തമിഴ്‌നാട് കൃഷ്ണഗിരി ജില്ലയിലെ കാവേരിപട്ടണത്താണ് സംഭവം. പത്തടി നീളമുള്ള പെരുമ്പാമ്പ് നടരാജന്റെ കഴുത്തില്‍ വരിഞ്ഞുമുറുക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും പാമ്പുമായി നടരാജ് കിണറ്റില്‍ വീണ് ശ്വാസംമുട്ടി മരിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

കര്‍ഷകനായ ചിന്നസ്വാമിയുടെ കിണറ്റില്‍ ഒരാഴ്ചമുമ്പാണ് മലമ്പാമ്പ് വീണത്. 50 അടി താഴ്ചയുള്ള കിണറില്‍നിന്ന് പാമ്പിനെ പുറത്തെത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. അടുത്തിടെ പെയ്ത മഴയില്‍ കിണറിന്റെ മൂന്നിലൊരു ഭാഗത്തും വെള്ളം നിറഞ്ഞിരുന്നു. പാമ്പിനെ പുറത്തെടുക്കാനായി പാമ്പു പിടിത്തക്കാരനായ നടരാജനെ ചിന്നസ്വാമി സമീപിച്ചു. ഇതിനായി തങ്കളാഴ്ച രാവിലെ എട്ടു മണിയോടെ നടരാജ് എത്തി. പിന്നാലെ കയർ ഉപയോഗിച്ച് നടരാജ് കിണറ്റിലിറങ്ങി.

പിടിക്കാനുള്ള ശ്രമത്തിനിടെ മലമ്പാമ്പ് നടരാജിന്റെ കാലിലും ശരീരത്തിലും ചുറ്റി. ഇതില്‍ നിന്ന് ഊരാന്‍ നടരാജ് ശ്രമം നടത്തിയപ്പോഴേക്കും കഴുത്തിലും പാമ്പ് വരിഞ്ഞുമുറുക്കി. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പാമ്പുമായി നടരാജ് വെള്ളത്തിലേക്ക് വീണു. എന്നാല്‍ വെള്ളത്തിലെത്തിയിട്ടും പാമ്പില്‍ നിന്ന് രക്ഷപ്പെടാന്‍ നടരാജിനായില്ല. തുടര്‍ന്ന് ശ്വാസംമുട്ടിയാകാം മരിച്ചതെന്ന് പോലീസ് പറഞ്ഞു.

ഒൻപതരയോടെ വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാ സേന ഏറെനേരം പണിപ്പെട്ടാണ് നടരാജിനെ പുറത്തെത്തിച്ചത്. അപ്പോഴേക്ക് മരണം സംഭവിച്ചിരുന്നു. എന്നാല്‍ പാമ്പിനെ രക്ഷാപ്രവര്‍ത്തകര്‍ക്ക് കണ്ടെത്താനാകാത്തത് സമീപവാസികളില്‍ ഭീതി സൃഷ്ടിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group