Join News @ Iritty Whats App Group

റിപ്പോ നിരക്ക് 50 പോയന്റ് ഉയര്‍ത്തി; വായ്പാപലിശ ഉയരും; ആര്‍ബിഐയുടെ നിര്‍ണായകപ്രഖ്യാപനം

റിപ്പോ നിരക്ക് 50 പോയന്റ് ഉയര്‍ത്തി റിസര്‍വ് ബാങ്ക്. ആര്‍ബിഐ ബാങ്കുകള്‍ക്ക് നല്‍കുന്ന പണത്തിന്റെ പലിശ നിരക്ക് ഇതോടെ 5.9 ശതമാനമായി ഉയര്‍ന്നു. മുംബൈയില്‍ സമാപിച്ച സാമ്പത്തിക നയരൂപീകരണസമിതി യോഗത്തിനുശേഷം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആണ് നിരക്ക് വര്‍ധന പ്രഖ്യാപിച്ചത്. തുടര്‍ച്ചയായി നാലാം തവണയാണ് റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തുന്നത്. വര്‍ധിച്ച പണപ്പെരുപ്പവും രൂപയുടെ വിലയിടിവും കണക്കിലെടുത്താണ് നടപടി.

2022–2023 സാമ്പത്തികവര്‍ഷം മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ (GDP) വളര്‍ച്ചാനിരക്ക് 7 ശതമാനമായിരിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞു. പണപ്പെരുപ്പനിരക്കും ഉയര്‍ന്നുതന്നെ നില്‍ക്കും. 6.7 ശതമാനമാണ് ആര്‍ബിഐ പ്രതീക്ഷിക്കുന്ന നിരക്ക്. രാജ്യാന്തര സമ്പദ്‍വ്യവസ്ഥ മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കയിലൂടെയാണ് കടന്നുപോകുന്നത്. ഈ ഘട്ടത്തില്‍ ഇന്ത്യന്‍ സമ്പദ്ഘടനയെ സജീവമാക്കി നിര്‍ത്തേണ്ടത് അനിവാര്യമാണെന്നും ഇതിനുള്ള നടപടികളാണ് കൈക്കൊള്ളുന്നതെന്നും ശക്തികാന്ത ദാസ് അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group