Join News @ Iritty Whats App Group

ഖേല ഹോബ് പ്രഖ്യാപിച്ച് മമത, ബിജെപിയുടെ 300 ന്‍റെ അഹങ്കാരം തീർക്കും

കൊല്‍ക്കത്ത: 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യത്തിലൂടെ ബി ജെ പിയെ താഴെയിറക്കുമെന്ന് പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവരും മറ്റു ചില നേതാക്കളും ചേര്‍ന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷ ഐക്യ മുന്നണി രൂപവത്കരിക്കുമെന്നും മമതാ ബാനര്‍ജി വ്യക്തമാക്കി. 300 സീറ്റുകളുണ്ടെന്ന ബി ജെ പിയുടെ അഹങ്കാരത്തിന് മറുപടി നൽകുകയാണ് ലക്ഷ്യമെന്നും അവർ കൊല്‍ക്കത്തയില്‍ നടന്ന തൃണമൂല്‍ കോണ്‍ഗ്രസ് പരിപാടിക്കിടെ വിവരിച്ചു. ബി ജെ പിക്കെതിരെ 'ഖേല ഹോബ്' എന്ന മുദ്രാവാക്യമുയത്തിയാണ് തൃണമൂൽ പ്രചരണം.

ചിതറി നിൽക്കുന്ന പ്രതിപക്ഷ കക്ഷികൾ ഒന്നിച്ച് നിന്നാൽ ബി ജെ പിയെ താഴെ ഇറക്കാമെന്നും മമത ബാനർജി തൃണമൂൽ പരിപാടിയിൽ പ്രതീക്ഷ പ്രകടിപ്പിച്ചു. ഇതിനായുള്ള ശ്രമത്തിലാണ് തങ്ങളെന്നും അവർ വിവരിച്ചു. 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ ബി ജെ പിക്കെതിരെ 'ഖേല ഹോബ്' മുദ്രാവാക്യത്തിലൂന്നിയാകും പ്രചരണമെന്നും ബംഗാൾ മുഖ്യമന്ത്രി വ്യക്തമാക്കി.

രാജ്യത്ത് പ്രതിപക്ഷ ഐക്യമുണ്ടായാൽ ബി ജെ പിയാകും പൊതു ശത്രു. ഒരുവശത്ത് പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് നിന്നെതിർത്താൽ ബി ജെ പി പരാജയപ്പെടുമെന്നും മമത അഭിപ്രായപ്പെട്ടു. ജനങ്ങൾ ബി ജെ പി ഭരണത്തിൽ അസ്വസ്ഥരാണെന്നും ജനരോഷം പ്രതിപക്ഷ കക്ഷികൾക്ക് അനുകൂലമാക്കിയെടുക്കാനാകാത്തതാണെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ 2024 ൽ ബി ജെ പിയുടെ ധിക്കാരത്തിനെതിരെ ജനം അണിനിരക്കും. അതിനിടയിൽ പ്രതിപക്ഷ ഐക്യം സാധ്യമാകുമെന്നും ബി ജെ പിയെ താഴെയിറക്കാനാകുമെന്നും മമത പ്രതീക്ഷ പങ്കുവച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group