Join News @ Iritty Whats App Group

കണ്ണൂര്‍ ദസറ സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ 4 വരെ

കണ്ണൂരിന് നിറങ്ങളുടെയും കാഴ്ചകളുടെയും സംഗീതത്തിന്റെയും വിരുന്നൊരുക്കികൊണ്ട് നീണ്ട ഇടവേളയ്ക്കു ശേഷം കണ്ണൂര്‍ ദസറ വീണ്ടും നടത്തുന്നു.

ഒരു കാലത്ത് കണ്ണൂരിലെ ജനത പ്രൗഢിയോടെ നെഞ്ചിലേറ്റിയിരുന്ന രണ്ടാം ദസറ എന്നറിയപ്പെട്ടിരുന്ന നവരാത്രി ആഘോഷം, പഴയ പ്രൗഢിയോടെ സംഘടിപ്പിക്കുമെന്ന് കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ.ടി.ഒ.മോഹനന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂരിലെ വാണിജ്യ മേഖലയെ ഉത്തേജിപ്പിച്ചിരുന്ന വ്യാപാര ഉത്സവം കൂടിയായിരുന്ന കണ്ണൂര്‍ ദസറയുടെ ഗരിമ വീണ്ടെടുത്ത് എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഒത്തൊരുമിക്കാനുള്ള വേദി സൃഷ്ടിക്കുകയാണ് കണ്ണൂര്‍ ദസറയുടെ ലക്‌ഷ്യം. ഡിടിപിസി, കേരള ഫോക് ലോര്‍ അക്കാദമി എന്നിവയുടെ സഹകരണവും പരിപാടികള്‍ക്കുണ്ട്. സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ 4 വരെ കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ എല്ലാ ദിവസവും വര്‍ണ്ണശബളമായ കലാപരിപാടികളും സാസ്കാരിക സമ്മേളനങ്ങളും നടക്കും. കൊവിഡ് മഹാമാരിമൂലം കഴിഞ്ഞ രണ്ട് വര്‍ഷമായി കണ്ണൂരിലെ സാംസ്കാരിക പരിപാടികള്‍ കുറഞ്ഞ സാഹചര്യത്തില്‍ കണ്ണൂരിലെ സഹൃദയര്‍ക്ക് ഇന്ത്യയിലെ മുന്‍നിര കലാ പ്രതിഭകളുടെ കലാപരിപാടികള്‍ കാണാനുള്ള അവസരമുണ്ടാകും. കണ്ണൂരിലെ വളര്‍ന്നു വരുന്ന കലാപ്രതിഭകള്‍ക്കും എല്ലാ ദിവസവും വിവിധ പരിപാടികള്‍ അവതരിപ്പിക്കുന്നതിനായി അവസരമുണ്ട്.

നാടാകെ പടരുന്ന ലഹരിവിപത്തിനെതിരെയായ സന്ദേശത്തിലൂന്നിയാണ് ഇത്തവണത്തെ കണ്ണൂര്‍ ദസറ സംഘടിപ്പിക്കുന്നത്. ‘കളറാക്കാം ദസറ – കളയാം ലഹരിക്കറ’ എന്നാണ് കണ്ണൂര്‍ ദസറയുടെ ഇത്തവണത്തെ മുദ്രാവാക്യം. ദസറവേദിയില്‍ ലഹരി വിരുദ്ധ സന്ദേശങ്ങളടങ്ങിയ ഷോര്‍ട്ട് ഫിലിം പ്രദര്‍ശനവും മറ്റ് പരിപാടികളും ഉണ്ടായിരിക്കും. ലഹരി വിപത്തിനെതിരെ ശക്തമായ പ്രതിരോധം സൃഷ്ടിക്കുകയാണ് ലക്‌ഷ്യം. ജാതി-മത-വര്‍ണ്ണ-വര്‍ഗ-രാഷ്ട്രീയ അതിരുകളില്ലാത്ത ബഹുജന പങ്കാളിത്തമാണ് കണ്ണൂര്‍ ദസറയില്‍ പ്രതീക്ഷിക്കുന്നത്. കണ്ണൂര്‍ ദസറ എല്ലാ വര്‍ഷവും നടത്തികൊണ്ട് സ്ഥിരം കലാവേദി എന്ന നിലയിലേക്കുയര്‍ത്തി ആഗോള ടൂറിസം ഭൂപടത്തില്‍ ഇടം നേടാനും ഉദ്ദേശിക്കുന്നു.

കണ്ണൂര്‍ ദസറയുടെ പ്രചരണാര്‍ത്ഥം വ്ളോഗര്‍മാരുടെയും സമൂഹമാധ്യമ പ്രവര്‍ത്തകരുടെയും കൂട്ടായ്മ ഇക്കഴിഞ്ഞ ബുധനാഴ്ച നടന്നു . വ്യാഴാഴ്ച വന്‍ ബഹുജന പങ്കാളിത്തത്തോടെ വിളംബരജാഥയും നടന്നു. ദസറയുടെ പ്രചരണാര്‍ത്ഥം വരും ദിവസങ്ങളില്‍ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഫ്ളാഷ് മോബ് അരങ്ങേറും . കണ്ണൂരിലെ പത്രപ്രവര്‍ത്തകരുടെ പ്രസ്സ്ക്ലബ് ടീമും കൗണ്‍സിലര്‍മാരും ജീവനക്കാരുമടങ്ങിയ കോര്‍പറേഷന്‍ ടീമൂം തമ്മിലുള്ള സൗഹൃദ ഫുട്ബാള്‍ മത്സരവും നടക്കും . ദസറയ്ക്ക് മുന്നോടിയായി ബഹുജന പങ്കാളിത്തത്തോടെ കോര്‍പറേഷന്‍ പരിധിയില്‍ ‘കളറാക്കാം ദസറ, ക്ലീനാക്കാം കണ്ണൂര്‍’ എന്ന സന്ദേശമുയര്‍ത്തികൊണ്ട് ശുചീകരണ പരിപാടിയും നടക്കും . ലഹരി വിരുദ്ധ സന്ദേശം നല്‍കികൊണ്ട് കണ്ണൂരിന്‍റെ മുഖച്ഛായ മാറ്റാന്‍ സര്‍ഗചേതനകളെ ഉണര്‍ത്തികൊണ്ടുള്ള കണ്ണൂര്‍ ദസറയുടെ വിജയത്തിനായി മുഴുവനാളുകളും പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

വാര്‍ത്താ സമ്മേളനത്തില്‍ ഡെപ്യൂട്ടി മേയര്‍ കെ.ഷബീന ടീച്ചര്‍, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സുരേഷ് ബാബു എളയാവൂര്‍, എം.പി.രാജേഷ്, പി .ഷമീമ ടീച്ചര്‍, അഡ്വ.പി.ഇന്ദിര, ഷാഹിന മൊയ്തീന്‍ കൗണ്‍സിലര്‍മാരായ മുസ്‌ലിഹ് മഠത്തില്‍, ടി.രവീന്ദ്രന്‍, ജനറല്‍ കണ്‍വീര്‍ കെ.സി.രാജന്‍ മാസ്റ്റര്‍, കോര്‍പറേഷന്‍ സെക്രട്ടറി വി.വി.ലതേഷ്കുമാര്‍, എന്നിവരും പങ്കെടുത്തു.

Post a Comment

Previous Post Next Post
Join Our Whats App Group