Join News @ Iritty Whats App Group

‘ഞാൻ ദരിദ്രയായിരിക്കാം, പക്ഷേ, 10,000 രൂപയ്ക്ക് സ്വയം വില്‍ക്കില്ല’, അങ്കിത ഭണ്ഡാരി കേസിൽ നിർണായകമായി വാട്സാപ്പ് സന്ദേശങ്ങൾ


ഉത്തരാഖണ്ഡിൽ യുവതി കൊല്ലപ്പെട്ട കേസിൽ നിർണായകമായത് സുഹൃത്തുക്കളുടെ മൊഴികളും വാട്‌സാപ്പ് ചാറ്റുകളും. അങ്കിത സുഹൃത്തിന‌യച്ച സന്ദേശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പ്രതികൾക്കെതിരെ ഉ‌യരുന്ന ആരോപണങ്ങൾ ശരിവെക്കുന്നതാണ് ചാറ്റ്.വേശ്യാവൃത്തി ചെയ്യാൻ തന്നെ നിർബന്ധിക്കുന്നുവെന്നും എന്നാൽ അതിന് വഴങ്ങില്ലെന്നുമാണ് 19കാരി ചാറ്റിൽ പറയുന്നു. ഹോട്ടലിലെ അതിഥികൾക്ക് സർവീസായി, വഴങ്ങിക്കൊടുക്കണം എന്നാണ് റിസോർട്ട് ഉടമ ഇവരോട് ആവശ്യപ്പെട്ടിരുന്നത്. ബിജെപി നേതാവ് -ഇപ്പോൾ പുറത്താക്കി- വിനോദ് ആര്യയുടെ മരുമകൻ പുൽകിത് ആര്യയുടേതാണ് റിസോർട്ട്.

‘ഞാൻ ദരിദ്ര ചുറ്റുപാടുകളിൽനിന്ന് വന്നവളാകാം. എന്നാൽ എന്നെ പത്തായിരം രൂപയ്ക്ക് വിൽക്കില്ല.’ – എന്നാണ് സുഹൃത്തിന് റിസപ്ഷനിസ്റ്റ് അയച്ച സന്ദേശം. ഒരിക്കൽ കള്ളുകുടിച്ച ഒരു അതിഥി ബലം പ്രയോഗിച്ച് തന്നെ ആലിംഗനം ചെയ്തു. എന്നാൽ ആര്യയുടെ സഹായി അങ്കിത് ഗുപ്ത ഇക്കാര്യത്തെ കുറിച്ച് മൗനം പാലിക്കാൻ ആവശ്യപ്പെട്ടു- ഇവരുടെ പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സുഹൃത്ത് ടൈംസ് ഓഫ് ഇന്ത്യയോടു പറഞ്ഞു.

അങ്കിതയെ കാണാതായ ദിവസം ഇവർ ഹോട്ടലിലെ മറ്റൊരു ജീവനക്കാരനെ ഫോണിൽ വിളിച്ചിരുന്നതായാണ് റിപ്പോർട്ട്. കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് അങ്കിത റിസോർട്ടിലെ ഷെഫ് ആയ മൻവീർ സിങ് ചൗഹാനെ വിളിച്ചത്. റിസോർട്ടിൽനിന്ന് തന്റെ ബാഗ് എത്തിക്കണമെന്നായിരുന്നു അങ്കിത ഇദ്ദേഹത്തോട് ആവശ്യപ്പെട്ടത്. എന്നാൽ ബാഗുമായി മറ്റൊരു ജീവനക്കാരൻ പോയെങ്കിലും അങ്കിതയെ കണ്ടില്ലെന്നും ദേശീയമാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു.

സെപ്റ്റംബർ 18-ാം തീയതി മുതലാണ് അങ്കിതയെ ദുരൂഹസാഹചര്യത്തിൽ കാണാതായത്. തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷം ആരംഭിക്കുകയും കഴിഞ്ഞദിവസം ചില്ല പവർഹൗസിനടുത്ത കനാലിൽനിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ റിസോർട്ട് ഉടമയായ പുൽകിത് ആര്യയെയും മറ്റു രണ്ടുജീവനക്കാരെയും പോലീസ് അറസ്റ്റ് ചെയ്തു. ഉത്തരാഖണ്ഡിലെ ബി.ജെ.പി. നേതാവായ വിനോദ് ആര്യയുടെ മകനാണ് പുൽകിത് ആര്യ.

കൊലക്കേസിൽ പുൽകിതിനെ അറസ്റ്റ് ചെയ്തതോടെ വിനോദ് ആര്യയെയും മറ്റൊരു മകൻ അങ്കിത് ആര്യയെയും ബി.ജെ.പി.യിൽനിന്ന് പുറത്താക്കിയിരുന്നു. സംസ്ഥാന സർക്കാരിൽ വഹിച്ചിരുന്ന കാബിനറ്റ് പദവിയിൽനിന്നും വിനോദ് ആര്യയെ നീക്കി. സംസ്ഥാന ഒ.ബി.സി കമ്മിഷന്റെ വൈസ് പ്രസിഡന്റായിരുന്ന അങ്കിത് ആര്യയുടെ സ്ഥാനവും തെറിച്ചിട്ടുണ്ട്.

അതിനിടെ, അങ്കിതയുടെ മരണത്തിൽ വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തണമെന്ന് ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തിയിട്ടുണ്ട്. മാത്രമല്ല, സംസ്ഥാന സർക്കാർ റിസോർട്ട് പൊളിച്ചതിന് പിന്നിൽ ദുരൂഹതയുണ്ടെന്നും കേസിലെ തെളിവുകൾ നശിപ്പിക്കാനാണ് ശ്രമമെന്നും ഇവർ ആരോപിക്കുന്നു. ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമുണ്ടാകാതെ അങ്കിതയുടെ സംസ്‌കാര ചടങ്ങുകൾ നടത്തില്ലെന്നാണ് കുടുംബത്തിന്റെ നിലപാട്.

Post a Comment

Previous Post Next Post
Join Our Whats App Group