Join News @ Iritty Whats App Group

'വിദ്യാർത്ഥികളിലെ ലഹരിദുരുപയോഗം': സ്‌കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾ ശക്തമാക്കണമെന്ന് ബാലാവകാശ കമ്മീഷൻ


കണ്ണൂർ: വിദ്യാർത്ഥികൾ ലഹരി മാഫിയയുടെ പിടിയിൽ അകപ്പെടാതിരിക്കാൻ പോലീസിന്റെ പങ്കാളിത്തത്തോടെ സ്‌കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾ ശക്തമാക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ. സ്‌കൂളുകളുടെ നടത്തിപ്പിൽ തദ്ദേശ സ്ഥാപനങ്ങളും രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരും ഒത്തുചേർന്ന് പ്രവർത്തിക്കണം. രക്ഷിതാക്കളുടെ നിരന്തര ഇടപെടൽ സ്‌കൂളുകളിൽ ഉണ്ടായാൽ ലഹരി മാഫിയയെ അകറ്റാനാവും.‌‌
ലഹരി ഉപയോഗം ഉൾപ്പെടെ വിദ്യാർത്ഥികളുടെ കാര്യത്തിൽ അധ്യാപകർക്ക് ഇടപെടാൻ കഴിയാത്ത സാഹചര്യം ഉണ്ടായാൽ പോലീസിനെ അറിയിക്കാൻ മടിക്കരുത്. വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ 'ഹോപ്' ഉൾപ്പെടെയുള്ള പദ്ധതികൾ പോലീസ് നടപ്പിലാക്കുന്നുണ്ട്. വിദ്യാർഥികൾ സ്‌കൂളിൽ വരുന്നതിന്റെയും പോകുന്നതിന്റെയും വിവരങ്ങൾ സ്‌കൂളുകളിൽ സൂക്ഷിക്കണം. സ്‌കൂളുകളിൽ സ്റ്റുഡൻറ് പോലീസ് കാഡറ്റ് യൂനിറ്റുകൾ ആരംഭിക്കുന്നത് വലിയ മാറ്റം വരുത്തും.

സംസ്ഥാനത്തെ മറ്റ് ജില്ലകളുമായി താരതമ്യപ്പെടുത്തുമ്പോൾ കണ്ണൂർ ജില്ലയിൽ പോക്‌സോ കേസുകൾ കുറവാണ്. ചില പോക്‌സോ കേസുകളിൽ കുട്ടികൾ മുതിർന്നവരുടെ ഉപകരണങ്ങളായി ഉപയോഗിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. പോക്‌സോ കേസുകളുമായി ബന്ധപ്പെട്ട് ബാലവകാശ കമ്മീഷൻ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വിളിച്ചുചേർത്ത വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടികൾക്കിടയിൽ പ്രവർത്തിക്കാനുള്ള ഗ്രൂപ്പുകൾ രൂപവത്കരിച്ചുവരുന്നതായി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ വിൻസി ആൻ പീറ്റർ ജോസഫ് പറഞ്ഞു. ഒരു വിധം എല്ലാ കുറ്റകൃത്യങ്ങളുടെയും പിന്നിൽ ലഹരി ഉപയോഗിക്കുന്നവരാണ്. 80 മുതൽ 85 ശതമാനം വരെ പോക്‌സോ കേസുകൾ ശിക്ഷിക്കപ്പെടാതെ കോടതിയിൽ ഒത്തുതീർപ്പാക്കപ്പെടുന്നതായി അവർ പറഞ്ഞു. ഇത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നത്. ഇതിനെതിരെ കുട്ടികളെ പ്രതികരിക്കാൻ പഠിപ്പിക്കണം. മാതാപിതാക്കളെ ബോധവത്കരിക്കണം.

പോക്‌സോ കേസുകളിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്നും അവർ പറഞ്ഞു. പോക്‌സോ കേസുകളിൽ ലഹരിയുടെ സ്വാധീനം പരിശോധിക്കപ്പെടണമെന്ന് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ പറഞ്ഞു. ജില്ലയിൽ 90 ശതമാനം പോക്‌സോ കേസുകളിലും കുറ്റപത്രം നൽകിയതായി കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ പറഞ്ഞു. അധ്യാപകർ കുട്ടികളുടെ വീടുകൾ സന്ദർശിച്ച് ചുറ്റുപാടുകൾ അറിയാൻ ശ്രമിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വി എ ശശീന്ദ്രവ്യാസ് പറഞ്ഞു. രക്ഷിതാക്കൾ സ്‌കൂളുകൾ സന്ദർശിച്ച് കുട്ടികളുടെ കാര്യങ്ങൾ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം അഡ്വ. ശ്യാമളാദേവി അധ്യക്ഷയായി.

ബാലാവകാശ കമ്മീഷൻ അംഗംഅഡ്വ. ബി ബബിത, ശിശുക്ഷേമ സമിതി ജില്ലാ ചെയർമാൻ കെ രവി, അംഗങ്ങളായ കെ പി വത്സലൻ, അഡ്വ. എപി ഹംസക്കുട്ടി, ഡെപ്യൂട്ടി ഡിഎംഒ ഡോ. എം പ്രീത, ഐടിഡിപി ജൂനിയർ സൂപ്രണ്ട് ടികെ സജിത, വിമൻ ആൻഡ് ചൈൽഡ് എൻട്രി ഹോം മാനേജർ അഞ്ജന ബാബു, കണ്ണൂർ റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി കെ മണി, കേരള മഹിള സമഖ്യ ജില്ലാ പ്രോഗ്രാം കോ ഓർഡിനേറ്റർ എൻപി അസീറ, പട്ടികജാതി വികസന വകുപ്പ് ജില്ലാ വികസന ഓഫീസർ കെവി രവിരാജ്, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഉനൈസ് അഹമ്മദ് എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post
Join Our Whats App Group