Join News @ Iritty Whats App Group

‘മതനിരപേക്ഷത സംരക്ഷിക്കാനും ജനാധിപത്യം കരുത്തുറ്റതാക്കാനും പ്രതിജ്ഞ ചെയ്യേണ്ട അവസരം’; സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി


സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യദിന ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതനിരപേക്ഷത സംരക്ഷിക്കാനും ജനാധിപത്യം കരുത്തുറ്റതാക്കാനും പ്രതിജ്ഞ ചെയ്യേണ്ട അവസരം കൂടിയാണിത്. ജാതിമതവര്‍ഗീയ ചേരിതിരിവുകള്‍ക്കെതിരെ ജാഗ്രതയോടെ പോരാട്ടം തുടരണമെന്നും സ്വാതന്ത്ര്യദിന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.

വൈദേശികാധിപത്യത്തിനെതിരെ പോരാടിയ ധീര സ്വാതന്ത്ര്യ സമര പോരാളികളെ പിണറായി വിജയന്‍ സ്മരിച്ചു. ജാതി, മത, ഭാഷ എന്നിങ്ങനെ എല്ലാ വ്യത്യാസങ്ങള്‍ക്കും അതീതമായി കൊളോണിയല്‍ ശക്തികള്‍ക്കെതിരെ ഒറ്റക്കെട്ടായി അതിശക്തമായ ചെറുത്തു നില്‍പ്പാണ് അവര്‍ നടത്തിയത്. അതിന്റെ ഫല സ്വരൂപമാണ് സ്വാതന്ത്ര്യവും ഭരണഘടനാധിഷ്ടിതവുമായ ജനാധിപത്യ വ്യവസ്ഥയും നമുക്ക് ലഭിച്ചത്.

കേരളത്തിലെ പഴശ്ശി കലാപം, മലബാര്‍ കലാപം, പുന്നപ്ര വയലാര്‍ സമരവുമെല്ലാം വൈദേശിക ആധിപത്യത്തിനെതിരെ രൂപം കൊണ്ട ആ വലിയ സമരത്തിന്റെ വ്യത്യസ്ത രൂപങ്ങളാണ്. സ്വാതന്ത്ര്യ സമരം പകര്‍ന്ന ഊര്‍ജത്തില്‍ നിന്നുമാണ് ഭാഷാ സംസ്ഥാനങ്ങളുടേയും ഫെഡറല്‍ വ്യവസ്ഥയുടേയും ആശയ രൂപീകരണമുണ്ടായത്.

അതിനാല്‍ സ്വാതന്ത്ര്യ ദിനാഘോഷം സ്വാതന്ത്ര്യ സമരം മുന്നോട്ടു വയ്ക്കുന്ന ഈ മഹത് മൂല്യങ്ങള്‍ സംരക്ഷിക്കണമെന്ന ഓര്‍മപ്പെടുത്തലാണ്. പുരോഗതിയ്ക്കും സമത്വപൂര്‍ണമായ ജീവിതത്തിനും വേണ്ടി കൈകോര്‍ക്കാമെന്നും സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആ വിധത്തില്‍ അര്‍ത്ഥവത്താവട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group