Join News @ Iritty Whats App Group

'കമ്മ്യൂണിസ്റ്റ്‌കാരന്റെ പങ്കാളിയായതിനാൽ സോഷ്യൽഓഡിറ്റിനെ ഭയന്നാണ് ജീവിക്കുന്നത്'; പ്രതികരിച്ച് പ്രിയാ വർ​ഗീസ്


കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ മലയാളം പഠന വകുപ്പിലെ അസോസിയേറ്റ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മറുപടിയുമായി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസ്. വിവരാവകാശരേഖ എന്ന് പറഞ്ഞ് എഴുന്നള്ളിക്കുന്ന ചില അക്കങ്ങളിലെ കള്ളക്കളികൾ തുറന്നു കാണിക്കുകയാണെന്ന് വ്യക്തമാക്കിയാണ് പ്രിയ വർഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എന്റെ 156ഉം അപരന്റെ 651ഉം എല്ലാം ഞങ്ങളുടെ അവകാശവാദങ്ങൾ മാത്രമാണ്. സർവകലാശാല അത് മുഴുവൻ പരിശോധിച്ചു വകവച്ചു തന്നിട്ടുള്ളതല്ല. പ്രസിദ്ധീകരണങ്ങളിൽ വന്നതിന്റെ ഒക്കെ പേരുവിവരങ്ങൾ ടൈപ്പ് ചെയ്തു വച്ചിരുന്നെങ്കിൽ മാർക്ക് കൂടിയേനെ. അതുകൊണ്ട് ഈ അക്കങ്ങളെ അങ്ങ് വല്ലാതെ ആഘോഷിക്കേണ്ടതില്ല എന്നും പ്രിയ വർഗീസ് വ്യക്തമാക്കുന്നു. 

കമ്മ്യൂണിസ്റ്റ്‌കാരന്റെ ജീവിതപങ്കാളി എന്ന നിലക്ക് എല്ലായ്‌പ്പോഴും സോഷ്യൽ ഓഡിറ്റിനെ ഭയന്നു ജീവിക്കുന്ന ഒരാളാണ് താനെന്നും പ്രിയ വർഗീസ് വ്യക്തമാക്കുന്നു. അതുകൊണ്ട് അപേക്ഷ പൂരിപ്പിക്കുമ്പോഴും അതിജാഗ്രത ഉണ്ടായിരുന്നു. അഭിമുഖം ഓൺലൈൻ ആയി നടന്നതായതു കൊണ്ട് റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ട്. അതും കൂടി വിവരാവകാശം ചോദിച്ച് എടുത്തുവച്ച് ചാനലിൽ സംപ്രേഷണം ചെയ്യൂ എന്നും പ്രിയ വർഗീസ് കുറിച്ചു. ആത്മവിശ്വാസക്കുറവ് ഇല്ലാത്തതു കൊണ്ട് ഞാൻ അതിനെ സുസ്വാഗതം ചെയ്യുന്നു. മാധ്യമ തമ്പ്രാക്കളോട് തല്ക്കാലം ഇത്രമാത്രം തെര്യപ്പെടുത്തികൊള്ളട്ടെ എന്ന പരിഹാസത്തോടെയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. 

അധ്യാപന പരിചയവും റിസർച്ച് സ്കോറും കുറവായിരുന്നിട്ടും അഭിമുഖത്തിൽ ഉയർന്ന മാർക്ക് നൽകിയാണ് പ്രിയക്ക് ഒന്നാം റാങ്ക് കിട്ടിയത് എന്ന് തെളിയിക്കുന്ന നിർണായക രേഖ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് ആറ് പേരാണ് അഭിമുഖത്തിനെത്തിയത്. ഇതിൽ ഗവേഷണ പ്രബന്ധങ്ങൾക്ക് അടക്കമുള്ള റിസർച്ച് സ്കോർ ഏറ്റവും കുറവ് കിട്ടിയത് പ്രിയ വർഗീസിനാണ്. 156 മാര്‍ക്കാണ് പ്രയക്ക് ലഭിച്ചത്. പക്ഷെ അഭിമുഖത്തിൽ പ്രിയക്ക് കിട്ടിയത് ഏറ്റവും ഉയർന്ന് മാർക്കാണ്. അഭിമുഖത്തില്‍ മാത്രം 32 മാര്‍ക്ക്. രണ്ടാം റാങ്ക് കിട്ടിയ ജോസഫ് സ്കറിയയുടെ റിസർച്ച് സ്കോൾ 651 ആണ്. അഭിമുഖത്തിലെ മാർക്ക് 30. മൂന്നാം റാങ്കുള്ള ഗണേഷ് സി,യുടെ റിസർച്ച് സ്കോർ 645. ഇൻറർവ്യുവിൽ കിട്ടിയത് 28 മാർക്ക്. മാത്രമല്ല ജോസഫ് സ്ക്റിയക്ക് 15 വർഷത്തിലേറെ അധ്യാപന പരിചയമുണ്ടായിരുന്നു എന്നതും തഴയപ്പെട്ടിരുന്നു. 

Post a Comment

Previous Post Next Post
Join Our Whats App Group