Join News @ Iritty Whats App Group

'ആംബുലൻസുകൾ ഗതാഗതയോഗ്യമെന്ന് ഉറപ്പു വരുത്തണം'; ആംബുലൻസിൽ രോഗി കുടുങ്ങിയ സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ


കോഴിക്കോട്: വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച രോഗി, ആംബുലൻസിന്റെ വാതിൽ തുറക്കാനാകാത്തതിനാൽ ചികിത്സ വൈകി മരിച്ച സംഭവത്തിൽ അടിയന്തര റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ. ബീച്ച് ആശുപത്രി സൂപ്രണ്ടിനോടാണ് വിശദീകരണം തേടിയത്. 15 ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദേശം. സംഭവത്തിൽ നടപടിയെടുക്കാൻ മോട്ടോർ വാഹന വകുപ്പിനോടും മനുഷ്യാവകാശ കമ്മീഷൻ നിർദേശിച്ചു. സംസ്ഥാനത്ത് ആംബുലൻസുകൾ ഗതാഗതയോഗ്യമാണെന്ന് ഉറപ്പുവരുത്താനുള്ള നടപടി എടുക്കാനും കമ്മീഷൻ നിർദേശം നൽകി. കോഴിക്കോട് സംഭവത്തിൽ വിശദീകരണം നൽകാൻ ആർടിഒയ്ക്ക് മനുഷ്യാവകാശ കമ്മീഷൻ അംഗം കെ.ബൈജുനാഥ്‌ നിർദേശം നൽകി. 

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച രോഗി, കരുവൻതുരുത്തി സ്വദേശി കോയമോനാണ് കഴിഞ്ഞ ദിവസം ആംബുലൻസിനകത്ത് കുടുങ്ങിയത്. സ്കൂട്ടർ ഇടിച്ചാണ് കോയമോന് പരിക്കേറ്റത്. തുടർന്ന് കോഴിക്കോട് ബീച്ച് ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. എന്നാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കോയമോനുമായെത്തിയ ആംബുലൻസിന്റെ വാതിൽ തുറക്കാനായില്ല. മഴു ഉപയോഗിച്ച് വെട്ടിപ്പൊളിച്ചാണ് രോഗിയെ പുറത്തെത്തിച്ചത്. തുടർന്ന് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

കോയാമോനെ ബീച്ച് ആശുപത്രിയിൽ നിന്ന് ഡോക്ടർമാർ ഉൾപ്പെടെയുള്ള സംഘത്തോടൊപ്പമാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. കോയാമോന്റെ സുഹൃത്തുക്കളും ആംബുലൻസിൽ ഉണ്ടായിരുന്നു. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ പെട്ടന്ന് പുറത്തെത്തിക്കാനുള്ള മെഡിക്കൽ സംഘത്തിന്റെ നീക്കത്തിനിടെയാണ് വാതിൽ കുടുങ്ങിയത്. തുറക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് വാതിൽ പൊളിക്കേണ്ടി വന്നത്.

2002 മുതൽ ഈ ആംബുലൻസ് ബീച്ച് ആശുപത്രിയിലുണ്ട്. ആംബുലൻസിന്റെ കാലപ്പഴക്കമാണ് വാതിൽ കുടുങ്ങുന്നതിലേക്ക് നയിച്ചതെന്നാണ് കോയാമോന്റെ ബന്ധുക്കളുടെ ആരോപണം. ആംബുലൻസിന്റെ കാലപ്പഴക്കം ഡോക്ടർമാർ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും ഒപ്പമുണ്ടായിരുന്നവർ ആരോപിച്ചു. ആംബുലൻസിൽ വച്ച് സിപിആർ കൊടുക്കാൻ പോലും ഡോക്ടർക്ക് സാധിച്ചിരുന്നില്ല. കോയമോനെ സ്ട്രെച്ചറിൽ ബന്ധിപ്പിക്കുന്ന ബെൽറ്റ്‌ പോലും ആംബുലൻസിൽ ഇല്ലായിരുന്നുവെന്നും സഹപ്രവർത്തകനായ കിരൺ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞിരുന്നു.

സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണത്തിന് നി‍ർദേശം നൽകിയിട്ടുണ്ട്. കോഴിക്കോട് ബീച്ച് ആശുപത്രി സൂപ്രണ്ടിൽ നിന്ന് ജില്ലാ മെഡിക്കൽ ഓഫീസർ റിപ്പോർട്ട് തേടിയിട്ടുണ്ട്

Post a Comment

Previous Post Next Post
Join Our Whats App Group