Join News @ Iritty Whats App Group

ഹൃദയാഘാതത്തിലേക്ക് നയിച്ചത് മരണത്തിന് തൊട്ടുമുമ്പുണ്ടായ പരിക്കുകള്‍; സജീവന്റേത് കസ്റ്റഡി മരണമെന്ന് ക്രൈംബ്രാഞ്ച്

വടകര കല്ലേരിയിലെ സജീവന്റേത് കസ്റ്റഡി മരണമെന്ന് ക്രൈംബ്രാഞ്ച്. സബ് ഇന്‍സ്പെക്ടര്‍ നിജീഷ്, സിപി ഒ പ്രജീഷ് എന്നിവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് ക്രൈം ബ്രാഞ്ച് കേസ് എടുത്തു. ഹൃദയാഘാതത്തിലേക്ക് നയിച്ചത് മരണത്തിന് തൊട്ട് മുന്‍പ് ഉണ്ടായ പരുക്കുകളെന്ന് പൊലീസ് സര്‍ജന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസ് സര്‍ജന്റെ വിശദമായ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി.
സബ് ഇന്‍സ്പെക്ടര്‍ നിജീഷ്, സിപി ഒ പ്രജീഷ് എന്നിവര്‍ ഒളിവിലാണ് ഇവരെ പിടികൂടാന്‍ പറ്റിയിട്ടില്ല. സജീവനെ പൊലീസ് മര്‍ദ്ദിച്ചുവെന്ന സുഹൃത്തുക്കളുടെ മൊഴിയും പൊലീസ് സര്‍ജന്റെ റിപ്പോര്‍ട്ടും പരിശോധിച്ച ശേഷമാണ് മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് ക്രൈം ബ്രാഞ്ച് കേസ് എടുത്തത്.

സജീവന്റെ മരണം ഹൃദയാഘാതം മൂലമാണെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ മരണത്തിന് തൊട്ട് മുന്‍പ് ഉണ്ടായ പരുക്കുകളാണ് ഹൃദയാഘാതത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് സര്‍ജന്റെ റിപ്പോര്‍ട്ടിലുള്ളത്. സജീവന്റെ ശരീരത്തില്‍ ചതവുകള്‍ ഉള്‍പ്പടെ, പതിനൊന്നു മുറിവുകളുണ്ട്.

ആന്തരിക ക്ഷതമുണ്ടായെന്നും പരുക്കുകളെല്ലാം കൈകൊണ്ട് മര്‍ദ്ദിച്ചാലുണ്ടാകുന്ന വിധത്തിലാണെന്നും പൊലീസ് സര്‍ജന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.നിലവില്‍ ഒളിവിലുളള പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാനുളള നീക്കത്തിലാണ് ക്രൈംബ്രാഞ്ച് സംഘം. ഇവര്‍ക്കൊപ്പം സസ്‌പെന്‍ഷനിലുളള രണ്ടു ഉദ്യോഗസ്ഥരെ നിലവില്‍ പ്രതിചേര്‍ത്തിട്ടില്ല.

സജീവനും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് വടകര പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത സജീവിനെ മദ്യപിച്ചെന്ന പേരില്‍ പൊലീസ് മര്‍ദ്ദിച്ചുവെന്ന് സുഹൃത്തുക്കള്‍ ആരോപിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group