Join News @ Iritty Whats App Group

കിട്ടുന്നിടത്തുനിന്നെല്ലാം വായ്‌പ വാങ്ങുന്ന നില പലരും സ്വീകരിക്കുന്നു; ഇവരെ എളുപ്പത്തില്‍ വഞ്ചിക്കാനാകുന്നു: മുഖ്യമന്ത്രി

തിരുവനന്തുപരം :. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണങ്ങള്‍ക്ക് വിധേയമല്ലാതെയും, മണി ലെന്‍ഡേഴ്സ് ആക്റ്റിന് വിരുദ്ധമായും മറ്റ് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് ഇതിന് പിന്നിലെന്ന സൂചനകളാണ് പൊലീസിന് ലഭിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാമൂഹികമായി വളരെ പ്രാധാന്യമുള്ള വിഷയമാണിത്. ഇതിന് രണ്ട് ഭാഗങ്ങളുണ്ട്. ഒന്ന്, നമുക്കെല്ലാം ഇന്നത്തെ സമൂഹത്തില്‍ ഒഴിച്ചുകൂടാനാകാത്ത മൊബൈല്‍ ഫോണുമായി ബന്ധപ്പെട്ട് വിവിധ രീതിയില്‍ നടക്കുന്ന ചതിക്കുഴികള്‍. അത് പൂര്‍ണ്ണമായും മനസിലാക്കത്തക്ക ബോധവത്ക്കരണം അടിയന്തിരമാണ് എന്നാണ് ഇതൊക്കെ കാണിക്കുന്നത്. ധാരാളം ആളുകള്‍ വലിയ തോതില്‍ തട്ടിപ്പിന് ഇരയാകുന്നുണ്ട്.

മറ്റൊന്ന്, വായ്പ കിട്ടുന്നിടത്തുനിന്നെല്ലാം വാങ്ങുന്ന നില പലരും സ്വീകരിക്കുന്നുണ്ട് എന്നതാണ്. അത്തരം മാനസികാവസ്ഥയുള്ളവരെ എളുപ്പത്തില്‍ വായ്പാ വാഗ്ദത്തം വഴി വഞ്ചിക്കാന്‍ കഴിയുന്നുണ്ട്. ഇത് എങ്ങനെ പ്രാവര്‍ത്തികമാകുന്നുവെന്നാണ് അംഗം ഇവിടെ ചൂണ്ടിക്കാട്ടിയത്.

മണി ലെന്‍ഡിംഗ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്ന ഉപഭോക്താവിന്റെ വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിച്ചശേഷം 30 ശതമാനത്തോളം തുക പ്രോസസ്സിംഗ് ഫീസായി ഈടാക്കി ഒരാഴ്ച കാലാവധിക്ക് ചെറിയ തുകകള്‍ വായ്പയായി നല്‍കും. തിരിച്ചടവില്‍ വീഴ്ച വന്നാല്‍ നിരന്തരം ഭീഷണിപ്പെടുത്തുകയും അപകീര്‍ത്തിപരമായ സന്ദേശങ്ങള്‍ അയച്ച് ഉപഭോക്താവിനെ മാനസിക സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുന്ന രീതിയാണ് വായ്പാ കമ്പനികള്‍ അവലംബിച്ചുവരുന്നത്.

ഇത്തരം തട്ടിപ്പ് കേസുകളില്‍ ശക്തമായ നടപടികള്‍ പൊലീസ് സ്വീകരിച്ചുവരുന്നുണ്ട്. സൈബര്‍ കുറ്റകൃത്യങ്ങളുടെ കാര്യക്ഷമമായ അന്വേഷണവും നിയമ നടപടികളും ഉറപ്പുവരുത്തുന്നതിനായി 19 സൈബര്‍ പൊലീസ് സ്റ്റേഷനുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഇതിന് പുറമെ ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പുകേസുകളുടെ കുറ്റാന്വേഷണങ്ങളില്‍ സഹായിക്കുവാന്‍ പ്രത്യേക പരിശീലനം ലഭിച്ച പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയുള്ള ഹൈടെക് എന്‍ക്വയറി സെല്ലും പൊലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്നുണ്ട്.
ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പ് സംഘങ്ങളുടെ ചതിക്കുഴിയില്‍പ്പെടാതിരിക്കാന്‍ സംസ്ഥാന പൊലീസിന്റെ സോഷ്യല്‍ മീഡിയ സെല്‍, ജനമൈത്രി സുരക്ഷാപദ്ധതി എന്നിവയിലൂടെ ആവശ്യമായ ബോധവല്‍ക്കരണം നടത്തിവരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Post a Comment

Previous Post Next Post
Join Our Whats App Group