Join News @ Iritty Whats App Group

പന്തളം മയക്കുമരുന്ന് കേസ്; കണ്ണൂർ പട്ടാന്നൂർ സ്വദേശി ബംഗളുരുവിൽ പിടിയിൽ

പത്തനംതിട്ട : പന്തളത്ത് ലോഡ്ജിൽ നിന്നും എംഡിഎംഎ (MDMA) ലഹരിമരുന്ന് പിടിച്ചെടുത്ത കേസിൽ ഒരാള്‍ കൂടി അറസ്റ്റില്‍. കണ്ണൂർ പട്ടാനുർ കോലോലം കൂടാലി ഫാത്തിമാ മൻസിൽ എൻ കെ ഹംസയുടെ മകൻ അച്ചു എന്ന് വിളിക്കുന്ന സിദ്ധീക് വി പി(34) യാണ് പോലീസ് പിടിയിലായത്. ലഹരിമരുന്നിന്‍റെ ഉറവിടം കണ്ടെത്താനായി പന്തളം പോലീസ് ഇൻസ്‌പെക്ടർ പി ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.
ബംഗളുരു ഹമ്മനഹള്ളിയിൽ നിന്നും സാഹസികമായാണ് പോലീസ് ഇയാളെ വലയിലാക്കിയത്. ബംഗളുരു സിറ്റിയിലെ യലഹങ്കയിൽ പോലീസ് സംഘം എത്തിയതറിഞ്ഞ ഇയാൾ വിദഗ്ദ്ധമായി അവിടെ നിന്നും രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണം സൈബർ പോലീസിന്റെ സഹായത്തോടെ ഇയാളുടെ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ യലഹങ്കയിൽ നിന്നും 24 കിലോമീറ്റർ അകലെയുള്ള ഹമ്മനഹള്ളിയില്‍ ഇയാള്‍ ഉള്ളതായി കണ്ടെത്തി.

പോലീസ് സ്ഥലത്ത് എത്തുമ്പോള്‍ ഇയാൾ രക്ഷപ്പെടാനുള്ള ഓട്ടത്തിലായിരുന്നു. പോലീസിനെ വെട്ടിച്ച് കെട്ടിടങ്ങളുടെ മുകളിലൂടെയും തിരക്കുള്ള റോഡിലൂടെയും അതിവേഗം പാഞ്ഞ ഇയാളെ പോലീസ് സംഘം മണിക്കൂറുകളോളം ഓടി വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. കസ്റ്റഡിയിലെടുക്കുമ്പോൾ ഇയാളുടെ പക്കൽ നിന്നും 2 മൊബൈൽ ഫോണുകളും 1 വെയിങ് മെഷീനും കണ്ടെടുത്തു.

ശേഷം, പന്തളം പോലീസ് സ്റ്റേഷനിലെത്തിച്ച് മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് വൈകിട്ടോടെ അടൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസ് അന്വേഷണം കുറ്റമറ്റ രീതിയിൽ മുന്നോട്ടുപോവുകയാണെന്നും, ലഹരിവസ്തുക്കളുടെ കടത്ത്, വിപണനം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. പന്തളം എസ് ഐ നജീബ്, സി പി ഓ ശരത്, നാദിർഷാ, അർജുൻ. രഘു, ഡാൻസാഫ് എസ് ഐ അജി സാമൂവൽ, സിപി ഓ സുജിത്, സൈബർ സെല്ലിലെ എസ് സി പി ഓ രാജേഷ് ആർ ആർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group