Join News @ Iritty Whats App Group

സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്ന പാർട്ടികളുടെ അം​ഗീകാരം റദ്ദാക്കാനാകില്ല; വ്യക്തമാക്കി സുപ്രീം കോടതി


സൗജന്യങ്ങളും (Freebies) സാമൂഹിക പദ്ധതികളും രണ്ട് വ്യത്യസ്ത ആശയങ്ങളാണെന്ന് സുപ്രീം കോടതി (Supreme Court). സാമ്പത്തിക സുസ്ഥിതിയും ക്ഷേമ നടപടികളും തമ്മിൽ സന്തുലിതാവസ്ഥ കൈവരിക്കണമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. സൗജന്യങ്ങൾ നൽകാമെന്ന് വാഗ്ദാനങ്ങൾ നൽകുന്ന പാർട്ടികളുടെ അംഗീകാരം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കാനുള്ള സാധ്യതയും കോടതി തള്ളി. അഭിഭാഷകനായ അശ്വിനി ഉപാധ്യായയാണ് ഹർജി സമർപ്പിച്ചത്. ഓഗസ്റ്റ് 17-ന് മുമ്പ് ഇക്കാര്യത്തിൽ നിർദേശങ്ങൾ നൽകണമെന്നും ബന്ധപ്പെട്ടവരോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.

ആഗസ്റ്റ് 26 ന് സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസ് എൻ വി രമണയും ജസ്റ്റിസ് കൃഷ്ണ മുരാരിയും അടങ്ങുന്ന ബെഞ്ചാണ് നിരീക്ഷണങ്ങൾ നടത്തിയത്. സൗജന്യങ്ങൾ വാഗ്ദാനങ്ങൾ നൽകുന്ന രാഷ്ട്രീയ പാർട്ടികളുടെ അംഗീകാരം റദ്ദാക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും ബെഞ്ച് നിരീക്ഷിച്ചു.

''സൗജന്യങ്ങളും സാമൂഹ്യക്ഷേമ പദ്ധതികളും വ്യത്യസ്തമാണ്. പണത്തിന്റ ഉപയോ​ഗവും ജനങ്ങളുടെ ക്ഷേമവും സമ്പദ്‌വ്യവസ്ഥയും തമ്മിൽ സന്തുലിതാവസ്ഥ കൈവരിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ഇത്തരം ചർച്ചകളെല്ലാം നടക്കുന്നത്. ഇതേക്കുറിച്ച് കാഴ്ചപ്പാടുകളും ചിന്തകളും പങ്കുവെയ്ക്കാൻ കഴിയുന്നവർ ഉണ്ടായിരിക്കും. ഞാൻ വിരമിക്കുന്നതിനു മുൻപ് ദയവായി അത്തരം കാര്യങ്ങൾ സമർപ്പിക്കുക'', ചീഫ് ജസ്റ്റിസ് എൻവി രമണ പറഞ്ഞു.

തിരഞ്ഞെടുപ്പിന് മുൻപ് വോട്ടർമാർക്ക് വാഗ്ദാനങ്ങൾ നൽകുന്നത് പതിറ്റാണ്ടുകളായി ഇന്ത്യയിലെ രാഷ്ട്രീയക്കാർ ചെയ്തു വരുന്ന കാര്യമാണ്. പണം മുതൽ മദ്യം, വീട്ടുപകരണങ്ങൾ, സ്കോളർഷിപ്പുകൾ, സബ്‌സിഡികൾ, ഭക്ഷ്യധാന്യങ്ങൾ എന്നിവയെല്ലാം അത്തരം സൗജന്യ വാ​ഗ്ദാനങ്ങളിൽ ഉൾപ്പെടും.

Post a Comment

Previous Post Next Post
Join Our Whats App Group