Join News @ Iritty Whats App Group

ഇര്‍ഷാദിന്‍റെ ഭൗതികാവശിഷ്ടങ്ങള്‍ ദീപക്കിന്‍റെ വീട്ടില്‍ നിന്നും ഏറ്റുവാങ്ങി ബന്ധുക്കള്‍; വികാര നിര്‍ഭരം

പേരാമ്പ്ര: ഇർഷാദിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ ഏറ്റുവാങ്ങി കുടുംബം. കാണാതായ മേപ്പയ്യൂർ കൂനംവള്ളിക്കാവ് വടക്കേടത്ത് കണ്ടി ദീപക്കിന്റേതെന്ന് കരുതി സംസ്കരിച്ച മൃതദേഹമാണ് പെരുവണ്ണമൂഴി പൊലീസിന്റെ സാന്നിധ്യത്തില്‍ ഇർഷാദിന്റെ ബന്ധുക്കള്‍ ഏറ്റുവാങ്ങിയത്. പെരുവണ്ണാമൂഴി പൊലീസ് സിഐ സുഷീറിന്റെ ഏറ്റുവാങ്ങിയ മൃതദേഹം ഇർഷാദിന്റെ ഉമ്മയുടെ സഹോദരീ പുത്രനായ റഷീദിന് കൈമാറുകയായിരുന്നു. റഷീദിനൊപ്പം കുന്നത്ത് അസീസ്, ബീരാന്‍ കുട്ടി എന്നിവരും ഉണ്ടായിരുന്നു. പെരുവണ്ണാമൂഴി എസ് ഐ കെ ബാലകൃഷ്ണനൊപ്പമുള്ള സംഘത്തിലായിരുന്നു ഇവര്‍ എത്തിയത്.

ഇർഷാദിന്റെ ഭൌതികാവശിഷ്ടങ്ങള്‍ സ്വന്തം മഹല്ലിലെ പളളി ഖബർ സ്ഥാനില്‍ അടക്കം ചെയ്യണമെന്ന് ബന്ധുക്കള്‍ക്ക് ആഗ്രഹം ഉണ്ടായിരുന്നു. ഇതനുസരിച്ചാണ് ദഹിപ്പിച്ച സ്ഥലത്ത് നിന്നും അവശിഷ്ടങ്ങള്‍ ശേഖരിച്ച് കുടുംബത്തിന് കൈമാറിയത്. തുടര്‍ന്ന് ഈ ഭൗതികാവശിഷ്ടങ്ങള്‍ പന്തിരിക്കരയിലെ ആവടുക്ക ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഇര്‍ഷാദിന്റെ പിതാവ് നാസര്‍, സഹോദരന്‍ അര്‍ഷാദ്, അടുത്ത ബന്ധുക്കളും ചില നാട്ടുകാരും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

രണ്ടാഴ്ചമുമ്പ് തിക്കോടി കോടിക്കല്‍ കടപ്പുറത്ത് നിന്നും കണ്ടെത്തിയ മൃതദേഹം പന്തിരിക്കര സൂപ്പിക്കടയില്‍ നിന്നും തട്ടിക്കൊണ്ടുപോകപ്പെട്ട ഇർഷാദിന്റേതാണെന്ന് ഡി എന്‍ എ പരിശോധനയിലൂടെ കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഇതിനോടകം തന്നെ കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം മേപ്പയ്യൂർ സ്വദേശി ദീപക്കിന്റേതാണെ നിഗമനത്തില്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്കരിച്ചു. എന്നാല്‍ ദീപക്കിന്റെ ബന്ധുക്കളുടെ പരിശോധന ഫലം ലഭിച്ചപ്പോള്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ ഡി എന്‍ എയുമായി ബന്ധമില്ലെന്ന ഫലമാണ് ലഭിച്ചത്.

മൃതദേഹം ദീപക്കിന്റേതല്ലെന്ന് വ്യക്തമായതോടെയാണ് ഇർഷാദിന്റേതാണോയെന്ന് പരിശോധിക്കാന്‍ പൊലീസ് തീരുമാനിക്കുന്നത്. ഇര്‍ഷാദിന്റെ മാതാപിതാക്കളുടെ രക്തസാംപിള്‍ ശേഖരിച്ച് കണ്ണൂരിലെ ഫൊറന്‍സിക് ലബോറട്ടറിയില്‍ ഡി എന്‍ എ പരിശോധനയ്ക്കായി അയക്കുകയായിരുന്നു. തുടർന്നാണ് മരിച്ചത് ഇർഷാദാണെന്ന് സ്ഥിരീകരിക്കുന്നത്. തട്ടിക്കൊണ്ടുപോകപ്പെട്ട ഇര്‍ഷാദ് പുറക്കാട്ടിരി പാലം പരിസരത്തുവെച്ച് പുഴയിലേക്ക് ചാടിയെന്ന സംശയം തുടക്കം മുതല്‍ തന്നെ പൊലീസിനുണ്ടായിരുന്നു. ജുലൈ 15 ന് കാറിലെത്തിയ അഞ്ചംഗ സംഘത്തിലെ രണ്ട് യുവാക്കള്‍ വാഹനത്തില്‍ നിന്നും ഇറങ്ങി പാലത്തിന് താഴേക്ക് എത്തിയിരുന്നതായുള്ള ദൃക്സാക്ഷി മൊഴികളും പൊലീസിന് ലഭിച്ചിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group