Join News @ Iritty Whats App Group

'യൂണിഫോം അടിച്ചേൽപ്പിക്കില്ല' വസ്ത്രം, ആഹാരം, വിശ്വാസം എന്നിവയിൽ വ്യക്തികൾക്ക് സർവസ്വാതന്ത്ര്യമെന്ന് മുഖ്യമന്ത്രി പിണറായി


തിരുവനന്തപുരം: ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ യൂണിഫോം സക്കാർ അടിച്ചേൽപ്പിക്കില്ലെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. ജൻഡർ ന്യൂട്രൽ വസ്ത്ര വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. സംസ്ഥാനത്ത് ലിംഗ സമത്വം ഉറപ്പാക്കണം എന്നാവശ്യപ്പെട്ടുള്ള കെ.കെ ശൈലജയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
അതത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകരും പി.ടി.എ പ്രതിനിധികളും വിദ്യാര്‍ത്ഥി പ്രതിനിധികളും പരസ്പരം ആലോചിച്ച് ഉചിതമായ യൂണിഫോം തീരുമാനിച്ച് നടപ്പിലാക്കുകയാണ് വേണ്ടത്. യൂണിഫോമിന്റെ കാര്യത്തില്‍ ഉണ്ടായിരിക്കുന്ന വിവാദം ഒരു ഉദാഹരണമാണ്. ഒരുതരം വേഷ വിതാനവും ആരുടെമേലും അടിച്ചേല്‍പ്പിക്കുന്നത് സര്‍ക്കാരിന്റെ നയമല്ല.

Also Read- 'ഇരിപ്പിടം' ഒഴിവാക്കി 'സ്കൂൾ അന്തരീക്ഷം' ഉൾപ്പെടുത്തി; സർക്കാരിന്റെ പിന്മാറ്റം സ്വാഗതം ചെയ്ത് സമസ്‌ത

വസ്ത്രധാരണം, ആഹാരം, വിശ്വാസം എന്നിവയുടെ കാര്യത്തില്‍ വ്യക്തികള്‍ക്ക് സാമൂഹ്യകടമകള്‍ക്ക് അനുസൃതമായുള്ള സര്‍വ്വസ്വാതന്ത്ര്യവും ഉണ്ടായിരിക്കുന്നതാണ്. ഒരുതരത്തിലുള്ള തീവ്ര നിലപാടുകളും മേല്‍പ്പറഞ്ഞവയെ ഹനിക്കാന്‍ പാടില്ലായെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. ഓരോ വിദ്യാലയങ്ങളിലും അവരുടെ യൂണിഫോം വിദ്യാലയതലത്തിലാണ് തീരുമാനിക്കുക. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പ്രത്യേക നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടില്ല. പുറപ്പെടുവിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്ത്രീകളുടെ മേലുള്‍പ്പെടെ വസ്ത്രധാരണ രീതി അടിച്ചേല്‍പ്പിക്കാന്‍ ഉണ്ടാകുന്ന ശ്രമങ്ങള്‍ ലക്ഷ്യത്തിന് തടസ്സം നില്‍ക്കുന്ന ഒന്നാണ്. അത്തരം വാദഗതികള്‍ അംഗീകരിച്ചുകൊടുക്കുന്ന നയമല്ല സര്‍ക്കാരിന്റേത്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും അവരുടെ ജാതി-മത-ലിംഗ ഭേദമന്യേ അവര്‍ അര്‍ഹിക്കുന്ന സ്വാതന്ത്ര്യം ഉണ്ടാകണം എന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ‌‌
സ്ത്രീ സമൂഹത്തിന് തുല്യതാബോധം എന്ന ലക്ഷ്യത്തോടെ നവോത്ഥാന പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. ഈ ലക്ഷ്യത്തിന് കടകവിരുദ്ധമായി അടുത്തകാലത്ത് കാണുന്ന ചില പ്രവണതകള്‍ തീര്‍ത്തും നിരുത്സാഹപ്പെടുത്തേണ്ടവയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്ന ആണ്‍കോയ്മ വ്യവസ്ഥ എന്നിവ സമൂഹ മനഃസ്ഥിതിയില്‍ പരിവര്‍ത്തനമുണ്ടായാലേ മാറുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group