Join News @ Iritty Whats App Group

16,999 രൂപയുടെ ഫോൺ ഓഡര്‍ ചെയ്തു, യുവതിയ്ക്ക് കിട്ടിയത് ഡേറ്റ് കഴിഞ്ഞ 3 ടിന്‍ പൗഡർ

നെടുങ്കണ്ടം: ഇടുക്കിയില്‍ ഓൺലൈനായി മൊബൈൽ ഫോൺ ബുക്ക് ചെയ്ത ദമ്പതിമാർക്ക് ലഭിച്ചത് എക്സ്പയറി ഡേറ്റ് കഴിഞ്ഞ മൂന്ന് പൗഡർ ടിന്നുകള്‍. മുണ്ടിയെരുമയിലെ സർക്കാർ വിദ്യാലയത്തിൽ ജോലി ചെയ്യുന്ന ഭർത്താവിനായി ഭാര്യ നെടുങ്കണ്ടം സ്വദേശിനി അഞ്ജന കൃഷ്ണ ഓൺലൈനായി ഓർഡർ ചെയ്ത് വരുത്തിച്ച ഫോണിന് പകരമാണ് പൗഡർ ടിന്‍ എത്തിയത്. സംഭവത്തിൽ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലും ഉപഭോക്തൃ കോടതിയിലും അഞ്ജന കൃഷ്ണ പരാതി നൽകി.  

സംഭവത്തെക്കുറിച്ച് അഞ്ജന പറയുന്നത് ഇങ്ങനെ. 16,999 രൂപയ്ക്കാണ് ഫോൺ ഓണ്‍ലൈനായി ബുക്ക് ചെയ്തത്. ഈ മാസം 16ന് ഡെലിവറി ബോയ് വിളിച്ച് ഫോൺ എത്തിയിട്ടുണ്ടെന്ന വിവരം അറിയിച്ചു. അഞ്ജന വിവരമറിയിച്ചതിന് പിന്നാലെ ഭർത്താവ് ഫോൺ വാങ്ങാനായി ടൗണിലെത്തി. ഫോൺ വാങ്ങിയതിന് പിന്നാലെ ബോക്സ് പൊട്ടിച്ച് നോക്കാൻ ശ്രമിച്ചെങ്കിലും ഡെലിവറിബോയ് അത് സമ്മതിച്ചില്ല. പിന്നീട് ക്യാഷ് ഓൺ ഡെലിവറി നടത്തി ഫോൺ വാങ്ങി. പ്രോസസിങ് ചാർജുകൾ അടക്കം 17,028 രൂപയാണ് ഡെലിവറിബോയ്ക്ക് കൈമാറിയത്. ഫോൺ വാങ്ങി വീട്ടിൽ എത്തിച്ച് ബോക്സ് തുറന്നപ്പോഴാണ് പറ്റിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞത്. ബോക്സിനുള്ളിലുണ്ടായിരുന്നത് കാലാവധി കഴിഞ്ഞ മൂന്ന് പൗഡർ ടിന്നുകൾ ആയിരുന്നു.

ബോക്സിനുള്ളില്‍ ഫോണില്ലെന്ന് ഓൺലൈൻ വ്യാപാര സ്ഥാപനത്തെ വിവരം അറിയിച്ചെങ്കിലും നടപടി സ്വീകരിച്ചില്ല. ബോക്സിനുള്ളിൽനിന്നു ലഭിച്ച ടിന്നുകളുടെ ചിത്രം അയച്ച് നൽകാനാണ് ഓൺലൈൻ വ്യാപാര സ്ഥാപനം ആവശ്യപ്പെട്ടത്. ഇതോടെയാണ് യുവതി പരാതി നൽകിയത്. ഓർഡർ ചെയ്ത ഫോണിന്റെ ഭാരം 197 ഗ്രാം ആണ്. ഇതേ ഭാരമായിരുന്നു പൗഡർ ടിന്നുകൾക്കും. ബോക്സിൽ ടിന്നുകൾ കുലുങ്ങി ശബ്ദമുണ്ടാകാതിരിക്കാനും തട്ടിപ്പ് സംഘം ശ്രദ്ധിച്ചിരുന്നു. സംഭവത്തെക്കുറിച്ച് നെടുങ്കണ്ടം പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group