Join News @ Iritty Whats App Group

വീട്ടിലെത്തി രോഗ നിര്‍ണയ സക്രീനിംഗ് 10 ലക്ഷം: കാൻസർ കണ്ടെത്താന്‍ സ്‌പെഷ്യല്‍ ക്യാമ്പുകള്‍


സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ‘അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന കാമ്പയിന്റെ ഭാഗമായി 10 ലക്ഷത്തിലധികം പേരെ വീട്ടിലെത്തി ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗ് നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പദ്ധതി തുടങ്ങി രണ്ട് മാസം കൊണ്ടാണ് ഈ ലക്ഷ്യം കൈവരിക്കാനായത്. ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കുകയും പ്രതിരോധിക്കുകയും ചെയ്യുക എന്നത് ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിലും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിലും അനിവാര്യമായ കാര്യങ്ങളാണ്. ജീവിതശൈലി രോഗങ്ങള്‍ ഉള്ളവര്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കി രോഗം നിയന്ത്രിക്കുകയും വരാന്‍ സാധ്യതയുള്ളവര്‍ക്ക് (റിസ്‌ക് ഫാക്‌ടേഴ്‌സ് കണക്കാക്കി സാധ്യത നിര്‍ണയം) രോഗത്തെ പ്രതിരോധിക്കാന്‍ ആവശ്യമായ പിന്തുണയും നല്‍കുക എന്നതാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

നവകേരളം കര്‍മ്മ പദ്ധതി രണ്ടിന്റെ ഭാഗമായുള്ള ആര്‍ദ്രം മിഷന്‍ വഴി ഈ സര്‍ക്കാരിന്റെ കാലത്ത് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന ഏറ്റവും പ്രധാന പ്രവര്‍ത്തനങ്ങളില്‍ ഒന്നാണിത്. ഇതിനായി ശൈലി ആപ്പ് രൂപപ്പെടുത്തുന്ന വേളയില്‍ ക്യാന്‍സര്‍ രോഗ നിയന്ത്രണം, സാന്ത്വന പരിചരണം എന്നീ മേഖലകളെ കൂടി ഉള്‍പ്പെടുത്തുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കുകയും ഇവ ഉള്‍പ്പെടുത്തുകയും ചെയ്തു. ക്യാന്‍സര്‍ കണ്ടെത്താന്‍ സ്‌ക്രീനിംഗിലൂടെ സാധ്യതയുള്ളവര്‍ക്ക് ക്യാമ്പ് നടത്തി സ്‌പെഷ്യലിസ്റ്റ് പരിശോധന നടത്തുന്നതാണ്. വയനാട്, പത്തനംതിട്ട ജില്ലകളില്‍ ഇത്തരം ക്യാമ്പ് നടത്തി സ്‌പെഷ്യലിസ്റ്റ് പരിശോധന ആരംഭിച്ചിട്ടുണ്ട്.

ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗ് ഒരു മാസത്തിനകം 140 നിയോജക മണ്ഡലങ്ങളില്‍ ലക്ഷ്യം വച്ച പഞ്ചായത്തുകളില്‍ പൂര്‍ത്തിയാക്കും. ആലപ്പുഴ ജില്ലയിലെ നാല് പഞ്ചായത്തുകള്‍ സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. വയനാട് ജില്ലയില്‍ 90 ശതമാനം സ്‌ക്രീനിംഗും പൂര്‍ത്തിയാക്കി. ബാക്കിയുള്ള പഞ്ചായത്തുകള്‍ ഒരു മാസത്തിനകം പൂര്‍ത്തിയാക്കും. അതുകഴിഞ്ഞ് എല്ലാ പഞ്ചായത്തുകളിലും സ്‌ക്രീനിംഗ് ആരംഭിക്കുന്നതാണ്.

ഈ കാമ്പയിന്റെ ഭാഗമായി 30 വയസിന് മുകളിലുള്ളവരെ ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടില്‍ പോയി കണ്ട് സ്‌ക്രീനിഗ് നടത്തി രോഗസാധ്യത കണ്ടെത്തുന്നു. ഇവരില്‍ ആവശ്യമുള്ളവര്‍ക്ക് സൗജന്യ രോഗ നിര്‍ണയവും ചികിത്സയും ലഭ്യമാക്കുന്നു. പദ്ധതി ആരംഭിച്ച് രണ്ട് മാസത്തിനുള്ളില്‍ സംസ്ഥാന വ്യാപകമായി 10,22,680 പേരെ വീട്ടിലെത്തി ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗ് നടത്തി. അതില്‍ 20.45 ശതമാനം പേര്‍ (2,09,149) ഏതെങ്കിലും ഒരു ഗുരുതര രോഗം വരുന്ന റിസ്‌ക് ഫാക്ടര്‍ ഗ്രൂപ്പില്‍ വന്നിട്ടുണ്ട്. ഇവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുകയാണ്.
സംസ്ഥാനത്തെ ആരോഗ്യ രംഗത്തെ വലിയ മാറ്റത്തിനായിരിക്കും ഈ പദ്ധതിയിലൂടെ കഴിയുന്നത്. ജീവിതശൈലീ രോഗങ്ങളും ക്യാന്‍സറും നേരത്തേ തന്നെ കണ്ടുപിടിച്ച് ചികിത്സിക്കുന്നത് വഴി രോഗം സങ്കീണമാകാതെ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്നു. വലിയൊരു ജനവിഭാഗത്തെ ഇത്തരം രോഗങ്ങളില്‍ നിന്നും മുക്തരാക്കാന്‍ ഈ പദ്ധതിയിലൂടെ സാധിക്കും. സ്‌ക്രീനിംഗിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ആരോഗ്യ പ്രവര്‍ത്തകരേയും പഞ്ചായത്തുകളേയും മന്ത്രി അഭിനന്ദിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group