Join News @ Iritty Whats App Group

പാടത്ത് സെറ്റിട്ട് റഷ്യൻ വാതുവയ്പുകാരെ പറ്റിച്ചു; IPL മാതൃകയിൽ ഗുജറാത്തിൽ‌ ട്വന്റി20 'ക്രിക്കറ്റ് തട്ടിപ്പ്'

മെഹ്സാന: ഗുജറാത്തിൽ പാടത്ത് സെറ്റിട്ട് ക്രിക്കറ്റ് തട്ടിപ്പ്. മെഹ്സനയിലെ മോലിപുര്‍ ഗ്രാമത്തിലാണ് സംഭവം. കൃഷിസ്ഥലം വാടകയ്ക്കെടുത്ത് ക്രിക്കറ്റ് ഗ്രൗണ്ട് സെറ്റിട്ടായിരുന്നു തട്ടിപ്പ്. ഷോയിബ് ദാവ്ദ എന്നയാളുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നത്. സംഭവത്തിൽ ഇയാൾക്ക് പുറമേ മൂന്നു പേരെകൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്.
റഷ്യൻ വാതുവയ്പപ് സംഘമാണ് തട്ടിപ്പിനിരയായത്. ഐപിഎൽ മാതൃകയിൽ ടീമുകൾക്ക് പേരിട്ടു. കളിക്കാൻ ദിവസക്കൂലിയില്‍ ആളുകളെ നിയമിച്ചു. തുടർന്ന് യൂട്യൂബിൽ ലൈവ് സ്ട്രീമിങ് ആരംഭിച്ചു. ഐപിഎൽ പോലെ ഏതോ വലിയ ലീഗാണെന്ന് തെറ്റിദ്ധരിച്ചാണ് റഷ്യക്കാർ വാതുവയ്പിനിറങ്ങിയത്. വാതുവയ്പിന്റെ വിവരങ്ങൾ റഷ്യയിൽ നിന്ന് ഇവിടേക്ക് ചോർത്തി നൽകി കളിയിൽ കൃത്രിമം കാണിച്ചാണ് തട്ടിപ്പു നടത്തിയത്.

റഷ്യയിൽ നിന്ന് തിരികെ മെഹ്സാനയിലെത്തിയ ഷോയിബാണ് സൂത്രധാരൻ. വാതുവയ്പിന് പേരുകേട്ട റഷ്യയിലെ ഒരു പബ്ബിലെ ജീവനക്കാരനായിരുന്നു ഷോയിബ്. ഇവിടെവെച്ചു പരിചയപ്പെട്ട ആസിഫ് മുഹമ്മദിന്റെ നിർദേശപ്രകാരമായിരുന്നു ഐപിഎല്‍ മാതൃകയിൽ തട്ടിപ്പു നടത്തിയത്.

സെഞ്ചറി ഹിറ്റേഴ്സ് ട്വന്‌റി20 എന്ന പേരിലായിരുന്നു മത്സരങ്ങള്‍. ചെന്നൈ ഫൈറ്റേഴ്സ്, ഗാന്ധിനഗർ ചാലഞ്ചേഴ്സ്, പാലന്‍പുർ സ്പോർട്സ് കിങ്സ് എന്നിങ്ങനെ ടീമുകൾക്ക് പേരിട്ടു. ഓരോ ടീമിനും പ്രത്യേക ജഴ്സികളും തയ്യാറാക്കി. കർഷകരെയും ചെറുപ്പക്കാരെയും ഉൾപ്പെടുത്തി ടീം തയ്യറാക്കി. ഒരു കളിക്ക് 400 രൂപയായിരുന്നു ഇവരുടെ പ്രതിഫലം.

രണ്ടാഴ്ച മുൻപ് മത്സരങ്ങളുടെ സംപ്രേക്ഷണം ആരംഭിച്ചു. റഷ്യയിലുള്ള ആസിഫ് വാതുവയ്പുകാരുമായി ബന്ധപ്പെട്ട് ബെറ്റുകൾ സ്വീകരിച്ചുതുടങ്ങി. ഈ വിവരം മോലിപുറിലുള്ള ഷോയിബിന്റെ സംഘാംഗം സാക്കിബിനെ ആസിഫ് ടെലിഗ്രാം ആപ് വഴി അറിയിക്കും. സാക്കിബ് ഈ വിവരം ഗ്രൗണ്ടിൽ അംപയർമാരുടെ വേഷത്തിലുള്ള മറ്റു സംഘാംഗങ്ങളെ വോക്കി ടോക്കി വഴി അറിയിക്കും. ഇങ്ങനെയായിരുന്നു തട്ടിപ്പ്.

വിശ്വസനീയത കൂട്ടാൻ പ്രശസ്ത കമന്റേറ്റർ ഹർഷ ഭോഗ്‌ലെയുടെ ശബ്ദം അനുകരിക്കുന്ന ഒരാളെയും നിയോഗിച്ചിരുന്നു. ഈ മത്സരങ്ങൾ ഇപ്പോഴും യൂട്യൂബിൽ സെഞ്ചറി ഹിറ്റേഴ്സ് എന്ന ചാനലിൽ ലഭ്യമാണ്.

Post a Comment

Previous Post Next Post
Join Our Whats App Group