Join News @ Iritty Whats App Group

‘ധർമ്മരാജ് റസാലം രാജിവെക്കണം’; സിഎസ്ഐ സഭാവിശ്വാസികളുടെ പ്രതിഷേധം അക്രമാസക്തമായി

സിഎസ്ഐ സഭാ കോർഡിനേറ്റർ ധർമ്മരാജ് റസാലം രാജിവെക്കണമെന്ന ആവശ്യവുമായി സഭാവിശ്വാസികളുടെ പ്രതിഷേധം. തിരുവനന്തപുരം എൽഎംഎസ് പള്ളിയിലേക്കാണ് പ്രതിഷേധ മാർച്ച് നടക്കുന്നത്. മാർച്ച് നടത്താൻ പാടില്ലെന്ന കോടതി ഉത്തരവിനെ തുടർന്ന് പൊലീസ് ഏർപ്പെടുത്തിയ വിലക്ക് ലംഘിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാർക്കെതിരെ പൊലീസ് നടത്തിയ ലാത്തിചാർജിൽ ഒരാൾക്ക് പരുക്കേറ്റു. ഇതോടെ പ്രതിഷേധക്കാർ കൂടുതൽ പ്രകോപിതരായി.

പ്രകടനത്തിനു നേതൃത്വം നൽകിയ ആളുടെ തലയ്ക്കാണ് ലാത്തി ചാർജിൽ പരുക്കേറ്റത്. ഇതോടെ പ്രതിഷേധം കൂടുതൽ അക്രമാസക്തമാവുകയായിരുന്നു. പൊലീസുമായി പ്രതിഷേധക്കാർ ഏറ്റുമുട്ടി. വലിയ ഒരു സംഘർഷത്തിലേക്കാണ് പ്രതിഷേധം നീങ്ങുന്നത്. പൊലീസ് എആർ ക്യാമ്പിനുള്ളിലേക്ക് കയറാൻ പ്രതിഷേധക്കാർ ശ്രമിച്ചു. മത പണ്ഢിതർ പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ ശ്രമിച്ചെണ്ടെങ്കിലും അത് പരാജയപ്പെട്ടു.

സിഎസ്ഐ സഭാ ആസ്ഥാനത്ത് 13 മണിക്കൂറോളം ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിന് ശേഷം ഒരു രേഖകളും ഇ.‍ഡി പിടിച്ചെടുത്തിട്ടില്ലെന്നും സി.എസ്.ഐ ബിഷപ് ധർമ്മരാജ് റസാലം സഭാ സമ്മേളനത്തിനായി യു.കെയിലേക്ക് പോകുമെന്നുമാണ് സഭാ പ്രതിനിധികൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. എന്നാൽ രാത്രി യുകെയിലേക്ക് പോവാൻ ശ്രമിച്ച ബിഷപ് ധർമ്മരാജ് റസാലത്തെ ഇ.‍ഡി തടഞ്ഞു. പിന്നീട് ചോദ്യം ചെയ്യലിനായി അദ്ദേഹത്തെ ഇ.ഡി ഓഫീസിലേക്ക്ക് വിളിച്ചിരുന്നു.

സഭാ സെക്രട്ടറി പ്രവീൺ, കാരക്കോണം മെഡിക്കൽ കോളജ് ഡയറക്ടർ ബെനറ്റ് എബ്രഹാം എന്നിവരുടെ വീടുകളിൽ ഇ.ഡി പരിശോധന നടത്തിയിരുന്നു. സഭാ സെക്രട്ടറി പ്രവീണിനെ വീണ്ടും ചോദ്യം ചെയ്യാനും ഇ.ഡി ശ്രമിക്കുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിഷപ് ധർമ്മരാജ് റസാലമാണ് ഒന്നാം പ്രതി. സഭാ സെക്രട്ടറി പ്രവീൺ, കാരക്കോണം മെഡിക്കൽ കോളജ് ഡയറക്ടർ ബെനറ്റ് എബ്രഹാം എന്നിവർ രണ്ടും മൂന്നും പ്രതികളാണ്.

Post a Comment

Previous Post Next Post
Join Our Whats App Group