Join News @ Iritty Whats App Group

ഇതല്ല ഇന്ത്യയുടെ ഔദ്യോഗിക ചിഹ്നം!നരേന്ദ്രമോദി അനാച്ഛാദനം ചെയ്തത് അശോകസ്തംഭത്തിന്റെ വികലമായ പതിപ്പാണെന്നാണ് എം എ ബേബി

പുതിയ അശോക സ്തംഭ വിവാദത്തില്‍ പ്രതികരണവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ നരേന്ദ്രമോദി അനാച്ഛാദനം ചെയ്തത് അശോകസ്തംഭത്തിന്റെ വികലമായ പതിപ്പാണെന്നാണ് എം എ ബേബിയുടെ ആക്ഷേപം. അതിശക്തരായിരിക്കെതന്നെ ശാന്തരായി ഇരിക്കുന്ന മൂന്നു സിംഹങ്ങളുടെ സ്ഥാനത്ത് ദുഷ്ടതയും ക്രൗര്യവും വെളിപ്പെടുത്തുന്ന തുറിച്ച പല്ലുകളുമായി നില്ക്കുന്ന ദുഷ്ടമൃഗങ്ങളെ പ്രതിഷ്ഠിച്ചിരിക്കുകയാണെന്ന് എം എ ബേബി പറഞ്ഞു.അര്‍ത്ഥവത്തായ അശോകസ്തംഭത്തെയും ഇന്ത്യയുടെ അടയാളത്തെയും മോദി അപമാനിക്കുകയാണെന്നും ഈ വൈകൃതം എത്രയും വേഗം എടുത്തുമാറ്റണമെന്നും എം എ ബേബി കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍. 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ:

ഇതല്ല ഇന്ത്യയുടെ ഔദ്യോഗിക ചിഹ്നം!


പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുകളില്‍ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത അശോകസ്തംഭത്തിന്റെ വികലപകര്‍പ്പ് പ്രതിനിധീകരിക്കുന്നത് മോദിയുടെ ഇന്ത്യയെയാണ്. ജനാധിപത്യവാദികളും പ്രതിഭാധനരുമായ ഇന്ത്യന്‍ സ്വാതന്ത്ര്യസമരനായകര്‍ നിശ്ചയിച്ച ഇന്ത്യയുടെ ചിഹ്നം അല്ലിത്. കലാചാതുരിയില്ലാത്ത ഈ വികലശില്പം, അതിശക്തരായിരിക്കെതന്നെ ശാന്തരായി ഇരിക്കുന്ന മൂന്നു സിംഹങ്ങളുടെ സ്ഥാനത്ത് ദുഷ്ടതയും ക്രൗര്യവും വെളിപ്പെടുത്തുന്ന തുറിച്ച പല്ലുകളുമായി നില്ക്കുന്ന ദുഷ്ടമൃഗങ്ങളെ പ്രതിഷ്ഠിച്ചിരിക്കുന്നു. അര്‍ത്ഥവത്തായ അശോകസ്തംഭത്തെയും ഇന്ത്യയുടെ അടയാളത്തെയും മോദി അപമാനിക്കുകയാണ്.

സ്വേച്ഛാധിപത്യവും ഹിംസയും കലയെ ഉല്പാദിപ്പിക്കില്ല. മനുഷ്യപ്രതിഭയുടെ സ്വച്ഛസ്വാതന്ത്ര്യമേ കലയുടെ പ്രസൂതികളാവൂ എന്നത് ആര്‍എസ്എസുകാര്‍ക്ക് മനസ്സിലാവുന്ന കാര്യമല്ല. ഇന്ത്യന്‍ പാര്‍ലമെന്റിനുമുകളില്‍ പ്രതിഷ്ഠിച്ച ഈ വികലസൃഷ്ടി മോദിയുടെ ഭരണത്തെ പ്രതിനിധീകരിക്കും, ഇന്ത്യയുടെ ജനാഭിപ്രായത്തെ വെല്ലുവിളിക്കും. അതിനാല്‍ കഴിയും വേഗം ഈ വൈകൃതം നമ്മുടെ പാര്‍ലമെന്റിന് മുകളില്‍ നിന്ന് എടുത്തു മാറ്റണം.

Post a Comment

Previous Post Next Post
Join Our Whats App Group