Join News @ Iritty Whats App Group

വരും മണിക്കൂറുകളില്‍ എല്ലാ ജില്ലകളിലും മഴ കനക്കും; യെല്ലോ അലര്‍ട്ട്

വരും മണിക്കൂറുകളില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം നേരത്തെ പുറപ്പെടുവിച്ച പ്രകാരം 12 ജില്ലകളില്‍ ഇന്ന് യെല്ലോ ജാഗ്രത നിര്‍ദ്ദേശം തുടരുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ ജാഗ്രത ഇന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.

നാളെ 11 ജില്ലകളിലാണ് യെല്ലോ ജാഗ്രത പ്രഖ്യാപിച്ചിട്ടുള്ളത്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ട്.

മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ ന്യുനമര്‍ദ്ദപാത്തി നിലനില്‍ക്കുന്നതിനാല്‍ മഹാരാഷ്ട്, ഗോവ, കര്‍ണാടക, വടക്കന്‍ കേരളം എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന മേഖലയില്‍ കനത്ത മഴ തുടരുകയാണ്. ഇനിയുള്ള ദിവസങ്ങളിലും മഴ തുടര്‍ന്നേക്കാം എന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം.

തീരമേഖലയിലെ ന്യൂനമര്‍ദ്ദ പാത്തി കൂടാതെ ആന്ധ്രാ – ഒഡിഷ തീരത്തിനു മുകളിലായി ചക്രവാതചുഴിയും നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഫലമായി കാലവര്‍ഷക്കാറ്റ് വരും ദിവസങ്ങളിലും ശക്തമായി തുടരാനും സാധ്യതയുണ്ട്. കേരളത്തില്‍ ഞായറാഴ്ച വരെ വ്യാപകമായ മഴ തുടരും എന്നാണ് പ്രവചനം. വടക്കന്‍ ജില്ലകളില്‍ ആണ് കൂടുതല്‍ മഴയ്ക്ക് സാധ്യത.

Post a Comment

Previous Post Next Post
Join Our Whats App Group