Join News @ Iritty Whats App Group

മാക്കൂട്ടം ചുരം അന്തർസ്സംസ്ഥാനപാത മണ്ണിടിച്ചിൽ ഭീഷണിയിൽ;നിലം പൊത്താറായി നൂറിലധികം വൻ മരങ്ങൾ,കുടക് ജില്ലയിലും ശക്തമായ മഴ

ഇരിട്ടി : മടിക്കേരി, വീരാജ്‌പേട്ട താലൂക്കുകളിലും കാലവർഷം ശക്തിപ്രാപിച്ചതോടെ മാക്കൂട്ടം ചുരം അന്തസ്സംസ്ഥാനപാത മണ്ണിടിച്ചിൽ ഭീഷണിയിൽ. കുടക് ജില്ലയിൽ രണ്ടുദിവസമായി ശക്തമായ മഴയാണ്. കാലാവസ്ഥാമുന്നറിയിപ്പിനെത്തുടർന്ന് കഴിഞ്ഞദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു.

2018-ലെ പ്രളയത്തിൽ ചുരംപാതയിൽ 90-ലധികം ഇടങ്ങളിൽ മണ്ണിടിഞ്ഞിരുന്നു. കൂടാതെ പെരുമ്പാടിയിൽ ബ്രഹ്മഗരി വനത്തിലുണ്ടായ ഉരുൾപൊട്ടലിനെത്തുടർന്ന് റോഡ് രണ്ടായി പിളരുകയും ചെയ്തിരുന്നു. മാക്കൂട്ടം മുതൽ പെരുമ്പാടി വരെയുള്ള ചുരം പാതയിലെ 10 കിലോമീറ്ററിലധികം പ്രദേശമാണ് അപകടഭീതിയിൽ.

നിലം പൊത്താറായി നൂറിലധികം വൻ മരങ്ങൾ

റോഡിലേക്ക് ചാഞ്ഞുനില്ക്കുന്ന വൻ മരങ്ങൾ ചുരം റോഡിൽ വൻ അപകടഭീഷണിയാണ് ഉയർത്തുന്നത്. മാക്കൂട്ടം മുതൽ പെരുമ്പാടിവരെയുള്ള ഭാഗങ്ങളിൽ നൂറിലധികം മരങ്ങൾ റോഡിലേക്ക് ചാഞ്ഞുനില്ക്കുകയാണ്. ഇതിൽ ഭൂരിഭാഗം മരങ്ങളുടെ ചുവട്ടിലും മണ്ണ് നീങ്ങിയ നിലയിലാണ്. റോഡിന്റെ ഇരുവശങ്ങളിലേയും തിട്ടകളിൽ നില്ക്കുന്ന മരങ്ങളുടെ വേര് മുഴുവൻ പുറത്തേക്ക് തള്ളിനില്ക്കുന്നു. അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചുനീക്കാനുള്ള നടപടികൾ ഉണ്ടാകുന്നില്ല. ചെറിയ മണ്ണിടിച്ചിലുണ്ടായാൽപോലും നിരവധി മരങ്ങളാണ് നിലംപൊത്തുക.

കാലവർഷം ശക്തിപ്രാപിച്ചതിനാൽ ചുരംപാത വഴിയുള്ള രാത്രി യാത്രയും സുരക്ഷിതമല്ല. ചെറിയ മരം വീണാൽപോലും മുറിച്ചുമാറ്റാൻ മണിക്കൂറുകളെടുക്കുന്നതിനാൽ രാത്രിയാത്ര തീരെ സുരക്ഷിതമല്ലാതായി. ജനവാസമില്ലാത്തതും വൈദ്യുതിബന്ധങ്ങളും മൊബൈൽ നെറ്റ് വർക്കും ഇല്ലാഞ്ഞതിനാൽ രക്ഷാപ്രവർത്തനങ്ങൾക്ക് മണിക്കൂറുകളോളം വേണ്ടി വരും.

ഇരിട്ടിയിൽനിന്നോ വീരാജ്‌പേട്ടയിൽനിന്നോ അഗ്നിരക്ഷാസേനയെത്തിവേണം നിയന്ത്രണങ്ങൾ നീക്കാൻ. ഇക്കുറി കാലവർഷത്തിന്റെ തുടക്കത്തിൽത്തന്നെ നിരവധി മരങ്ങൾ നിലം പതിച്ചിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group