Join News @ Iritty Whats App Group

വൈകിയോടിയ പരശുറാം എക്സ്പ്രസ്, സ്കൂൾ ബസ് ഇന്നും മിസ് ആകാതിരിക്കാൻ ധൃതി കാട്ടി നന്ദിത? ഒടുവിൽ അമ്മ ഒറ്റയ്ക്കായി


കണ്ണൂർ: ട്രെയിൻ തട്ടി പ്ലസ് വൺ വിദ്യാർഥിനിക്ക് ജീവൻ നഷ്ടമായതിന്‍റെ വേദനയിലാണ് നാട്. കക്കാട് ഭാരതിയ വിദ്യാഭവൻ സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയായ നന്ദിത പി കിഷോറിന്‍റെ ജീവനെടുത്തത് ഇന്ന് രാവിലെ ചിറക്കൽ അർപ്പാംതോട് റെയിൽവേ ഗേറ്റിൽ നടന്ന അപകടമായിരുന്നു. സ്കൂളിലേക്ക് പോകുന്നതിന് റെയിൽ പാളം മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വൈകിയെത്തിയ പരശുറാം എക്സ്പ്രസും, റെയിൽവേ ഗേറ്റ് അടച്ചിട്ടിട്ടും സ്കൂൾ ബസ് ഇന്നലത്തെ പോലെ മിസ് ആകാതിരിക്കാൻ നന്ദിത കാട്ടിയ ധൃതിയുമായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ അപകടത്തിന്‍റെ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.

കണ്ണൂർ ചിറക്കൽ അർപ്പാംതോട് റെയിൽവേ ഗേറ്റിൽ 6.40 നാണ് സാധാരണ പരശുറാം എക്സ്പ്രസ് എത്താറ്. ഇന്ന് വണ്ടി ഒരു മണിക്കൂറോളം വൈകിയെത്തിയത് നന്ദിതയുടെ ജീവനെടുക്കാനായിരുന്നോ എന്ന് സങ്കടപ്പെടുകയാണ് ഇപ്പോൾ നാട്ടുകാർ. നന്ദിതയെ സാധാരണ അമ്മയാണ് വീട്ടിൽ നിന്നും കാറിൽ സ്കൂൾ ബസിനടുത്തേക്ക് കൊണ്ടു പോകാറ്. ഇന്ന് അമ്മയും മകളുമെത്തിയപ്പോൾ പരശുറാം എക്സ്പ്രസിന് കടന്ന് പോകാനായി റെയിൽവേ ഗേറ്റ് അടച്ച നിലയിലായിരുന്നു. മകളെ ഇറക്കി അമ്മ ഗേറ്റ് തുറക്കാനായി വണ്ടിയിൽ തന്നെ കാത്തിരുന്നു. ഈ സമയത്ത് തീവണ്ടി വരുന്നത് കുട്ടി കണ്ടിരിക്കാമെന്നും ധൃതിയിൽ കടന്നതാവാമെന്നും കരുതുന്നതായി നാട്ടുകാർ പറയുന്നു. മാത്രമല്ല, കഴിഞ്ഞ ദിവസം എത്താൻ വൈകിയതിനാൽ നന്ദിതക്ക് സ്കൂൾ ബസ് കിട്ടിയില്ലെന്നും ഓട്ടോയിൽ പോകേണ്ടി വന്നുവെന്നും ഈ പേടി കൊണ്ടാവാം ധൃതിയിൽ പാളം മുറിച്ച് കടക്കാൻ ശ്രമിച്ചതെന്നും നാട്ടുകാർ പറയുന്നുണ്ട്.

വണ്ടിയിടിച്ച് തെറിച്ച നന്ദിതയുടെ തല സമീപത്തെ കല്ലിലിടിച്ചു. സംഭവം കണ്ട് അമ്മയും നാട്ടുകാരും ഓടി വന്നു. ഈ സമയത്ത് കുട്ടിക്ക് ജീവനുണ്ടായിരുന്നുവെന്നും അമ്മയോട് സംസാരിച്ചതായും നാട്ടുകാർ പറയുന്നു. ആദ്യം കണ്ണൂർ എ കെ ജി ആശുപത്രിയിലും പിന്നീട് മിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. കക്കാട് ഭാരതിയ വിദ്യാഭവൻ സ്കൂളിലാണ് മരിച്ച നന്ദിത പി കിഷോർ ( 16 ) പഠിക്കുന്നത്. അലവിൽ നിച്ചുവയൽ പരേതനായ കിഷോറിന്‍റെയും ഡോ. ലിസിയുടെയും ഏക മകളാണ് നന്ദിത. ഹോമിയോ ഡോക്ടറും ഇപ്പോള്‍ പരിയാരം ഗവ. മെഡിക്കല്‍ കോളേജിലെ ഓഫീസ് ജീവനക്കാരിയുമാണ് ഡോ. ലിസി. മകൾ കൂടി മരിച്ചതോടെ ലിസി തനിച്ചാവുകയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group