Join News @ Iritty Whats App Group

ബൈക്കിടിച്ച് പരിക്കേറ്റ വയോധികൻ രക്തം വാർന്ന് മരിച്ചു, നിർത്താതെ പോയ യുവാക്കൾ ഒരു വർഷത്തിന് ശേഷം പിടിയിൽ


മലപ്പുറം : വയോധികന്റെ മരണത്തിനിടയിക്കിയ അപകടമുണ്ടാക്കിയ ന്യൂജന്‍ ബൈക്ക് യാത്രക്കാര്‍ ഒടുവില്‍ ഒരു വര്‍ഷത്തിന് ശേഷം മലപ്പുറത്ത് പൊലീസിന്റെ പിടിയിലായി. ബൈക്ക് ഓടിച്ചിരുന്ന കാരപ്പുറം സ്വദേശി മുഹമ്മദ് സലിം, അഖിൽ എന്നിവരാണ് അറസ്റ്റിലായത്. അപകടത്തില്‍ പരുക്കേറ്റ പ്രതികൾ പിടിക്കപ്പെടുമെന്ന് കരുതി ചികില്‍സ പോലും തേടിയിരുന്നില്ല. മൂവായിരത്തോളം വീടുകള്‍ പരിശോധിച്ചും അഞ്ഞൂറോളം സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചുമാണ് പ്രതികളെ പിടികൂടിയത്. 

2021 ജൂലൈ 21 നാണ് അപകടമുണ്ടായത്. വഴിയാത്രക്കാരനായ എഴുപതുകാരനെ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ചിടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റുവെന്ന് മനസിലായിട്ട് പോലും ബൈക്ക് നിര്‍ത്താതെ പോയി. നടുറോഡില്‍ മണിക്കൂറുകളോളം രക്തം വാര്‍ന്നാണ് വയോധികന്‍ മരിച്ചത്. 

അഞ്ഞൂറോളം സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടും വാഹന നമ്പര്‍ തിരിച്ചറിയാനായില്ല. സിസിടിവി വഴി പിടിക്കപ്പെടാതിരിക്കാന്‍ പ്രതികള്‍ പ്രധാനപ്പെട്ട ജംക്ഷനിലെല്ലാം ലൈറ്റ് ഓഫ് ചെയ്താണ് വാഹനം ഓടിച്ചിരുന്നത്. 

വാഹനം പോയ ദിശ മനസിലാക്കി ആ ഭാഗത്തുള്ള 3000 ത്തോളം വരുന്ന വീടുകൾ കേന്ദ്രീകരിച്ചും സ്ഥലത്തെ യുവാക്കളെ കുറിച്ചും വിശദമായി അന്വേഷണം നടത്തിയിട്ടും ഫലമുണ്ടായില്ല. ഒടുവില്‍ വാഹനത്തിന് രൂപമാറ്റം വരുത്തുന്ന കടകളില്‍ നടത്തിയ പരിശോധനകളാണ് പ്രതികളിലേക്ക് എത്തിച്ചത്. രൂപമാറ്റം വരുത്തിയ ബൈക്ക് പാലേമാട് സ്വദേശിക്കാണ് പ്രതികള്‍ മറിച്ചു വിറ്റത്. സംഭവം നടന്ന് 363 ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതികള്‍ പിടിയിലാകുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group