Join News @ Iritty Whats App Group

അര്‍ബുദ രോഗത്തെ അതിജീവിച്ച്‌ അവര്‍ ഒത്തുകൂടി

അര്‍ബുദ രോഗത്തെ അതിജീവിച്ച്‌ അവര്‍ ഒത്തുകൂടി. നിറഞ്ഞ പുഞ്ചിരിയോടെയും ആത്മവിശ്വാസത്തോടെയും തങ്ങളുടെ അനുഭവങ്ങള്‍ കൂടി പങ്കുവെച്ചതോടെ 'അമൃതം 2022' പരിപാടി വേറിട്ട അനുഭവമായി.
മലബാര്‍ കാന്‍സര്‍ സെന്ററിന്‍റെ നേതൃത്വത്തിലാണ് സെന്‍ററില്‍ ചികിത്സയിലുള്ളവരുടെയും രോഗം ഭേദമായവരുടെയും കൂട്ടായ്മ സംഘടിപ്പിച്ചത്.

തലശ്ശേരി നഗരസഭ, ജില്ല പഞ്ചായത്ത്, കണ്ണൂര്‍ കാന്‍സര്‍ കണ്‍ട്രോള്‍ കണ്‍സോര്‍ട്ട്യം എന്നിവരുടെ സഹകരണവും പരിപാടിക്കുണ്ടായിരുന്നു. അര്‍ബുദത്തെക്കുറിച്ചുള്ള മിഥ്യാധാരണകള്‍ ഇല്ലാതാക്കുക, അതിജീവിതര്‍ക്കും രോഗികള്‍ക്കുമുള്ള അപകര്‍ഷബോധം കുറക്കുക എന്നിവയായിരുന്നു പരിപാടിയുടെ ലക്ഷ്യം. വര്‍ണ വൈവിധ്യംകൊണ്ടും താരസാന്നിധ്യം കൊണ്ടും സമ്ബന്നമായിരുന്നു ചടങ്ങ്. തലശ്ശേരി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്‌ഘാടനം ചെയ്തു. മലബാര്‍ കാന്‍സര്‍ സെന്റര്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സ് ആന്‍ഡ് റിസര്‍ചായി മാറുന്നതോടെ വളരെയധികം മെഡിക്കല്‍ വിദ്യാര്‍ഥികളും ഗവേഷകരും ഇവിടേക്ക് എത്തിച്ചേരുമെന്നും സെന്ററിന്റെ വളര്‍ച്ച ദ്രുതഗതിയിലാകുമെന്നും ചികിത്സാസൗകര്യങ്ങള്‍ മെച്ചപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, എ.എന്‍. ഷംസീര്‍ എം.എല്‍.എ, തലശ്ശേരി നഗരസഭ ചെയര്‍പേഴ്സന്‍ ജമുനാറാണി, വാര്‍ഡ് കൗണ്‍സിലര്‍മാരായ വി. വസന്ത, റാഷിദ, തലശ്ശേരി സബ് കലക്ടര്‍ അനുകുമാരി, എഴുത്തുകാരിയും അര്‍ബുദരോഗ അതിജീവിതയുമായ സിതാര എന്നിവര്‍ പങ്കെടുത്തു.

നടന്‍ കുഞ്ചാക്കോ ബോബന്‍, ഗായിക മഞ്ജരി, ഫുട്ബാള്‍ താരം സി.കെ. വിനീത് എന്നിവര്‍ രോഗികളുമായി സംവദിച്ചു.

അതിജീവിതര്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെക്കുകയും അവരുടെ സര്‍ഗവാസനകള്‍ പ്രകടിപ്പിക്കുകയുമുണ്ടായി. കാന്‍സര്‍ അതിജീവിതര്‍ തങ്ങളുടെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ രചിച്ച 'സമര്‍പ്പണ്‍' എന്ന പുസ്തകം പി.പി. ദിവ്യ, സിതാരക്കു നല്‍കിയും കാന്‍സര്‍ ചികിത്സകരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും തങ്ങളുടെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ രചിച്ച 'സായൂജ്യ' എന്ന പുസ്തകം സി.കെ. വിനീത് പ്രസന്നക്കു നല്‍കിയും പ്രകാശനം ചെയ്തു.

Post a Comment

Previous Post Next Post
Join Our Whats App Group