Join News @ Iritty Whats App Group

മട്ടന്നൂരിൽ നഗരസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കാനിരിക്കെ പുതുക്കിയ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ പലരും പടിക്കു പുറത്ത്‌;വോട്ടര്‍മാര്‍ നിയമനടപടിക്ക്

മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭയില്‍ ആറാമത് പൊതുതിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്കകം വിജ്ഞാപനം പുറപ്പെടുവിക്കാനിരിക്കെ പുതുക്കിയ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ പലരും പടിക്കു പുറത്തായതായി ആരോപണം.

പുതിയ പട്ടികയില്‍ 7,100 വോട്ട് പുതുതായി ഉള്‍പ്പെടുകയും നാലായിരത്തോളം വോട്ട് തള്ളപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതുവരെ വോട്ടുചേര്‍ക്കുവാന്‍ കഴിയാത്തവര്‍ക്ക് ഇനിയും അവസരമുണ്ടാകും.

2017 ലെ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കിയാണ് 35 വാര്‍ഡുകളിലും കരടുപട്ടിക തയ്യാറാക്കിയിരുന്നത്. അതില്‍ 17,185 പുരുഷന്മാരും 19,060 സ്ത്രീകളും രണ്ട് ഭിന്നലിംഗക്കാരും ഉള്‍പ്പെടെ ആകെ 36,247 വോട്ടര്‍മാരായിരുന്നു ഉണ്ടായിരുന്നത്. പുതിയ പട്ടികയില്‍ 18,200 പുരുഷന്മാരും 20,609 സ്ത്രീകളും രണ്ട് ഭിന്നലിംഗക്കാരും ഉള്‍പ്പെടെ ആകെ 38,811 വോട്ടര്‍മാരാണുള്ളത്.

പഴയപട്ടികപ്രകാരം ആ വാര്‍ഡില്‍ താമസമില്ല എന്ന കാരണത്താലാണ് പലവോട്ടുകളും തള്ളപ്പെട്ടത്. എന്നാല്‍ പലരും 2017 നു ശേഷം വാര്‍ഡ് മാറിയെങ്കിലും ഇവര്‍ നഗരസഭയില്‍ തന്നെയാണ് താമസം. മറ്റൊരിടത്തും വോട്ടില്ലാത്ത ചിലരുടെ വോട്ടാണ് വാര്‍ഡില്‍ താമസമില്ല എന്ന ലഘുകാരണത്താല്‍ തള്ളിയത്. എന്നാല്‍ ഇവര്‍ക്ക് മറ്റു വാര്‍ഡുകളില്‍ വോട്ടില്ല എന്നത് കേള്‍ക്കുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ലെന്ന പരാതിയുണ്ട്. കക്ഷി രാഷ്ട്രീയത്തിനുപരി പൊതുപ്രവര്‍ത്തകരുടെ വോട്ടും ഇത്തരത്തില്‍ തള്ളിയിട്ടുണ്ട്. 2017 ലെ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കി കരട് പട്ടിക തയ്യാറാക്കുന്നതായി തിരഞ്ഞെടുപ്പു കമ്മിഷന്റെ പ്രഖ്യാപനമുണ്ടായതിനാല്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ പലരും വാര്‍ഡ് മാറ്റി വോട്ടു ചേര്‍ത്തിരുന്നില്ല. ഇവരുടെ വോട്ടാണ് തള്ളപ്പെട്ടത്.

വോട്ടര്‍പട്ടികയില്‍ പേരില്ലെങ്കില്‍ മത്സരിക്കുവാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ മത്സരിക്കുവാനുള്ള സ്വാതന്ത്ര്യം നിഷേധിച്ചതായി വ്യക്തമാക്കി പലരും നിയമനടപടിക്ക് ഒരുങ്ങുകയാണ്. ചിലര്‍ കേന്ദ്ര-സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനും പരാതി നല്‍കിയിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group