Join News @ Iritty Whats App Group

ഇന്ത്യയില്‍ സ്‌ഥിരീകരിച്ച ബി.എ. 2.75 ഒമിക്രോണിന്റെ ശക്‌തിയേറിയ ഉപശാഖ , ശരീരപ്രതിരോധശേഷിയെ മറികടക്കാന്‍ കൂടുതല്‍ കഴിവുള്ളതായി വിദഗ്ധർ

കൊച്ചി : കോവിഡ്‌ വകഭേദമായ ഒമിക്രോണിന്റെ പുതിയ ഉപശാഖയായ ബി.എ. 2.75 നു ശരീരപ്രതിരോധശേഷിയെ മറികടക്കാന്‍ കൂടുതല്‍ കഴിവുള്ളതായി വിദഗ്‌ധര്‍. ഇന്ത്യയില്‍ ഇതിന്റെ സാന്നിധ്യം ലോകാരോഗ്യസംഘടന സ്‌ഥിരീകരിച്ചു. രാജ്യത്ത്‌ ഇന്ത്യയില്‍ വിവിധ സ്‌ഥലങ്ങളില്‍ ബി.എ. 2.75 റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. ബി.എ.2.75 വകഭേദം ആദ്യം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌ ഇന്ത്യയിലാണെന്നാണ്‌ ഡബ്ല്യു.എച്ച്‌.ഒ. ചീഫ്‌ സയന്റിസ്‌റ്റിന്റെ കണ്ടെത്തല്‍. ഇത്‌ പിന്നീട്‌ 10 രാജ്യങ്ങളില്‍ കണ്ടെത്തി. ബി.എ. 2.75 ഉപശാഖ രാജ്യത്ത്‌ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുള്ളത്‌ പുനെയിലാണ്‌.
ഒമിക്രോണിന്റെ ഉപശാഖകളില്‍ വ്യാപനത്തിനും മനുഷ്യശരീരത്തിന്റ പ്രതിരോധത്തെ മറികടക്കാനും കൂടുതല്‍ കഴിവുള്ളതായി കരുതപ്പെടുന്ന ഇനമാണിത്‌. ലക്ഷണമില്ലാതെയും ബി.എ. 2.75 ബാധിച്ചവരുണ്ടെന്ന്‌ പുനെയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പരിമിതിമായ സാമ്പിളുകള്‍ മാത്രമേ ഇതുവരെ പുനെയില്‍ നിന്ന്‌ ലഭിച്ചിട്ടുള്ളൂ. ഈ ഉപശാഖ ഗുരുതര രോഗമുണ്ടാക്കുമെന്നോ മരണകാരണമാകുമെന്നോ ഇപ്പോള്‍ പറയാന്‍ സാധ്യമല്ലെന്നും കൂടുതല്‍ പഠനങ്ങള്‍ നടക്കേണ്ടതുണ്ടെന്നും ഐ.എം.എ. ദേശീയ കോവിഡ്‌ ടാസ്‌ക്‌ ഫോഴ്‌സ്‌ സഹചെയര്‍മാന്‍ ഡോ. രാജീവ്‌ ജയദേവന്‍ പറഞ്ഞു.
കോവിഡ്‌ നിരന്തരം മാറിക്കൊണ്ടിരിക്കുകയാണ്‌. പുതിയ വകഭേദത്തിന്റെ കാര്യത്തിലും ജാഗ്രത സുപ്രധാനമാണ്‌. അമേരിക്കയില്‍ ഓരോ ആഴ്‌ചയും 2,500 മരണങ്ങളാണ്‌ ഇപ്പോഴും ഒമിക്രോണ്‍ ഉപശാഖകള്‍ വരുത്തിവയ്‌ക്കുന്നത്‌. ജനുവരിയില്‍ മരണസംഖ്യ 18,000 കടന്നു. കൂടുതല്‍ സാമ്പിളുകള്‍ പരിശോധിക്കുകയും ജനിതകശ്രേണീകരണം കൃത്യമായി നടക്കുകയും ചെയ്‌താലേ ബി.എ.2.75 വിന്റെ കൃത്യമായ സ്വഭാവം നിര്‍ണയം സാധ്യമാകുകയുള്ളൂ.
ഒമിക്രോണിനെ കവച്ചുവയ്‌ക്കുന്ന പുതിയ വകഭേദമുണ്ടാകുമോയെന്നാണ്‌ ശാസ്‌ത്രം ഉറ്റുനോക്കുന്നത്‌. യുറോപ്പിലും അമേരിക്കയിലും ബി.എ.4, ബി.എ.5 വകഭേദങ്ങളാണ്‌ കുടുതലും. ഇന്ത്യ അടക്കമുള്ള ഏതാനും രാജ്യങ്ങളില്‍ ഇതിന്റെ ഉപവര്‍ഗമായ ബി.എ.2.75 ആണ്‌ ചര്‍ച്ചാവിഷയമെന്നും ഡബ്ല്യു.എച്ച്‌.ഒ. ഡയറക്‌ടര്‍ ജനറല്‍ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group