Join News @ Iritty Whats App Group

ഗർഭം തുടരുന്നതിനുള്ള മരുന്നിന് പകരം അലസിപ്പിക്കാനുള്ള മരുന്ന് മാറി നൽകി: മെഡിക്കൽ ഷോപ്പിനെതിരെ കേസ്

മലപ്പുറം: ഗർഭിണിയായ യുവതിക്ക് ഗർഭം നിലനിർത്തുന്നതിനുള്ള മരുന്നിന് പകരം ഗർഭം അലസിപ്പിക്കുന്നതിനുള്ള മരുന്ന് മാറി നൽകിയതിനെ തുടർന്ന് എടവണ്ണയിലെ സ്വകാര്യ മെഡിക്കൽ ഷോപ്പിനെതിരെ ഡ്രഗ്‌സ് കൺട്രോൾ വിഭാഗം കേസെടുത്തു. എടവണ്ണ സ്വദേശിയുടെ പരാതിയിലാണ് നടപടി. 

എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ ചികിത്സയിലായിരുന്നു ഗർഭിണിയായ യുവതി. ഡോക്ടറുടെ കുറിപ്പടി എടവണ്ണയിലെ സ്വകാര്യ മെഡിക്കൽ ഷോപ്പിൽ കാണിച്ചപ്പോൾ  പരാതിക്കാരന് ലഭിച്ചത് ഗർഭം അലസിപ്പിക്കാനുള്ള ഗുളികയായിരുന്നു. രണ്ട് ഗുളിക കഴിച്ചതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. 

തുടർന്ന് നടത്തിയ പരിശോധനയിലാണ് മെഡിക്കൽ ഷോപ്പിൽ നിന്നും മരുന്ന് മാറിയാണ് നൽകിയതെന്ന് വ്യക്തമായത്. ഡോക്ടറുടെ നിർദേശപ്രകാരം കുറിപ്പടിയോടെ മാത്രം വിൽക്കേണ്ട ഷെഡ്യൂൾ എച്ച് വിഭാഗത്തിൽപ്പെടുന്ന ഗർഭച്ഛിദ്ര മരുന്ന് അവിവേകത്തോടെയാണ് സ്ഥാപനത്തിൽ നിന്നും വിൽപ്പന നടത്തിയിട്ടുള്ളതെന്നും രജിസ്റ്റേർഡ് ഫാർമസിസ്റ്റിന്റെ മേൽനോട്ടത്തിലല്ല മരുന്ന് വിൽപ്പനയെന്നും വ്യക്തമായതായി ജില്ലാ ഡ്രഗ്‌സ് ഇൻസ്‌പെക്ടർ ഡോ. എം സി നിഷിത് പറഞ്ഞു.

സ്ഥാപനത്തിൽ നിന്നും വിൽപ്പന നടത്തിയ ഗർഭച്ഛിദ്ര മരുന്നുകളും ബില്ലുകളും മറ്റു രേഖകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തൊണ്ടി മുതലുകളും രേഖകളും മഞ്ചേരി ചീഫ് ജൂഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. തുടരന്വേഷണത്തിന്റെ ഭാഗമായി പരാതിക്കാരന്റെ വീട്ടിലും സ്വകാര്യ ആശുപത്രിയിലും പരിശോധന നടത്തി.

Post a Comment

Previous Post Next Post
Join Our Whats App Group