Join News @ Iritty Whats App Group

വിജയം ഉറപ്പിച്ച് യുഡിഎഫ്; വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നില്‍ ആഹ്ലാദ പ്രകടനം

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ പി ടി തോമസിനെക്കാള്‍ ഇരട്ടി ലീഡില്‍ ഉമ തോമസ് മുന്നേറുമ്പോള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ആവേശത്തിലാണ്. രണ്ടാം റൗണ്ട് വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ മുതല്‍ തന്നെ പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം ആരംഭിച്ചു. മഹാരാജാസ് കോളജിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നില്‍ മുദ്രാവാക്യം വിളികളുമായാണ് പ്രവര്‍ത്തകരുടെ സന്തോഷ പ്രകടനം.

നിലിവില്‍ ഉമ തോമസിന്റെ ലീഡ് നില 8000 പിന്നിട്ടിരിക്കുകയാണ്. പോസ്റ്റൽ വോട്ട് എണ്ണി തുടങ്ങിയപ്പോൾ മുതൽ തന്നെ ഉമാ തോമസ് മുന്നേറ്റം ആരംഭിച്ചു. ആകെ പത്ത് വോട്ടുകളിൽ മൂന്ന് വോട്ടുകളാണ് യുഡിഎഫിന് ലഭിച്ചത്. മൂന്ന് വോട്ടുകൾ അസാധുവായി. രണ്ട് വോട്ടുകൾ എൽഡിഎഫിനും രണ്ട് വോട്ടുകൾ ബിജെപിക്കും ലഭിച്ചു.

ഇലക്ട്രോണിക് വോട്ടുകൾ എണ്ണുമ്പോഴും തുടക്കം മുതൽ തന്നെ ഉമാ തോമസ് ലീഡ് നിലനിർത്തുകയാണ്. 12 റൗണ്ടുകളായിട്ടാണ് വോട്ടെണ്ണല്‍. 21 ബൂത്തുകളിലെ വോട്ടുകളാണ് എണ്ണുന്നത്. വിജയപ്രതീക്ഷയിലും തികഞ്ഞ ആത്മവിശ്വാസത്തിലുമാണ് മുന്നണികള്‍. 68.77 ശതമാനം മാത്രമാണ് ഇക്കുറി തൃക്കാക്കരയിലെ പോളിങ് ശതമാനം. ഇത് ആശങ്ക സൃഷ്ടിക്കുന്നുണ്ടെങ്കിലും തങ്ങളുടെ വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് മുന്നണികള്‍ അവകാശപ്പെടുന്നത്.

യുഡിഎഫിന്റെ പൊന്നാപുരം കോട്ടയാണ് തൃക്കാക്കര. മണ്ഡലം പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞാല്‍ പ്രതിപക്ഷത്തിന്റെ വിജയമായി അത് വിലയിരുത്തപ്പെടും. എല്‍.ഡി.എഫ് മണ്ഡലം പിടിച്ചാല്‍ അത് വന്‍ ചരിത്രമാകും. രണ്ടാം പിണറായി സര്‍ക്കാരിന് കിട്ടുന്ന അംഗീകാരമായി അത് മാറും.

മെയ് 31നായിരുന്നു തിരഞ്ഞെടുപ്പ്. 239 ബൂത്തുകളിലായി 1,35,342 വോട്ടര്‍മാര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. ഉമ തോമസാണ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. എല്‍ഡിഎഫിന് വേണ്ടി ജോ ജോസഫും ബിജെപിക്ക് വേണ്ടി എ എന്‍ രാധാകൃഷ്ണനുമാണ് മത്സരരംഗത്തുള്ളത്.

Post a Comment

Previous Post Next Post
Join Our Whats App Group