Join News @ Iritty Whats App Group

സംസ്ഥാനത്തെ യുവജന വിദ്യാര്‍ഥി സമൂഹത്തിനിടയില്‍ മദ്യാസക്തി ഉയരുന്നു എന്ന തന്‍റെ പരാമര്‍ശം മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന് മന്ത്രി എംവി ഗോവിന്ദന്‍


സംസ്ഥാനത്തെ യുവജന വിദ്യാര്‍ഥി സമൂഹത്തിനിടയില്‍ മദ്യാസക്തി ഉയരുന്നു എന്ന തന്‍റെ പരാമര്‍ശം മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന് മന്ത്രി എംവി ഗോവിന്ദൻ. യുവജന,വിദ്യാര്‍ഥി വിഭാഗങ്ങളില്‍ മദ്യത്തിന്‍റെ സ്വാധീനം കൂടുതലാണെന്നാണ് താന്‍ പറഞ്ഞത്. ഇവരില്‍ മഹാഭൂരിപക്ഷവും മദ്യപാനികളാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് മന്ത്രി പ്രതികരിച്ചു. പോസിറ്റിവായ രീതിയിലാണ് താന്‍ ഇക്കാര്യം പറഞ്ഞത്, എന്നാല്‍ അതില്‍ നെഗറ്റീവ് കണ്ടെത്തുന്നത് മാധ്യമങ്ങളാണെന്നും മന്ത്രി കുറ്റുപ്പെടുത്തി. മാധ്യമങ്ങള്‍ മയക്കുമരുന്ന് ലോബിക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്നവരായി മാറുന്നുവെന്നും മന്ത്രി പറഞ്ഞു.
ലഹരി വിരുദ്ധ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. വിദ്യാർഥി, യുവജന സംഘടനകളിൽ പ്രവർത്തിക്കുന്നവരിൽ ഭൂരിഭാഗവും മദ്യപാനികളാണെന്ന് മന്ത്രി എം.വി.ഗോവിന്ദൻ പറഞ്ഞു എന്ന രീതിയിലാണ് ആദ്യം വാര്‍ത്തകള്‍ വന്നത്. മന്ത്രിയുടെ പരാമര്‍ശം വിവാദമാകുന്നതായി വാര്‍ത്തകള്‍ വന്നതോടെ മന്ത്രിക്കൊപ്പമുള്ളവര്‍ ഇക്കാര്യം അദ്ദേഹത്തെ അറിയിക്കുകയായിരുന്നു. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി മദ്യത്തെ പൂര്‍ണ്ണമായി നിരോധിക്കുന്നവരല്ല മറിച്ച് മദ്യവര്‍ജനമാണ് തങ്ങള്‍ മുന്നോട്ട് വെക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പുതിയ തലമുറയെ ആത്മാര്‍ത്ഥയോടെ, ആത്മവഞ്ചനയില്ലാത്ത നിലയില്‍ ബോധവത്കരണം നടത്താന്‍ സാധിക്കണമെന്നും മന്ത്രി പറഞ്ഞു. ബോധവത്കരണം നടത്തേണ്ടതിന് ആശ്രയിക്കാവുന്നത് വിദ്യാര്‍ഥി- യുവജന സംഘടനകളെയാണ്.

ശ്രദ്ധിച്ച് നോക്കിയപ്പോള്‍ കാണാനായത് അവരില്‍ നല്ലൊരു വിഭാഗവും മദ്യപിക്കുന്നവരാണെന്നാണ്. അപ്പോള്‍ അവരെ ഉപയോഗിച്ച് എങ്ങനെ ബോധവത്കരണം നടത്താന്‍ കഴിയുമെന്നാണ് മന്ത്രി ചോദിച്ചത്.

കേരളം മയക്കുമരുന്നിന്റെ ഹബ്ബായി മാറുകയാണെന്നും മന്ത്രി പറഞ്ഞു. കടൽ മാർഗമാണ് സംസ്ഥാനത്തേക്ക് മയക്കുമരുന്നെത്തുന്നത്. കഴിഞ്ഞ ദിവസം, ഒരു ബോട്ടിൽ നിന്ന് മാത്രം 1500 കോടിയുടെ മയക്കുമരുന്നാണ് പിടികൂടിയത്. കേരളത്തിന് പുറമെ അയൽ സംസ്ഥാനമായ തമിഴ് നാട്ടിലേക്കും മഹാരാഷ്ട്രയിലേക്കും കടൽ മാർഗം മയക്കുമരുന്നെത്തുന്നതായാണ് വിവരമെന്നും മന്ത്രി വിശദീകരിച്ചു.

ക്യാമ്പയിന്റെ ഭാഗമായി എത്താന്‍ പറഞ്ഞാല്‍ പോലും യുവാക്കള്‍ അത്രകണ്ട് അത് ഉള്‍ക്കൊണ്ട് എത്തുമെന്ന് താന്‍ പ്രതീക്ഷിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. ആരേയും അടച്ചാക്ഷേപിക്കുകയെന്ന ലക്ഷ്യത്തോടെയല്ല താനിത് പറയുന്നതെന്നും. ബോധവത്കരണം നടത്തേണ്ടവര്‍ ആദ്യം സ്വയം ബോധവത്കരിക്കണമെന്നും മന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group