Join News @ Iritty Whats App Group

മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങിന്റെ പേരില്‍ തട്ടിപ്പ്; മൂന്നു പേർ അറസ്റ്റിൽ

കണ്ണൂരിൽ ക്യൂനെറ്റ് മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ മൂന്ന് പേര്‍ കണ്ണൂരില്‍ അറസ്റ്റിൽ. തൃശ്ശൂര്‍ വെങ്കിടങ്ങ് സ്വദേശികളായ എന്‍.കെ. സിറാജുദ്ദീന്‍ (31), ഭാര്യ പി. സിത്താര മുസ്തഫ (22) എരുമപ്പെട്ടി സ്വദേശി വി.എ. ആഷിഫ് റഹ്‌മാന്‍ (29) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ കൂട്ടുപ്രതി എറണാകുളം പറവൂര്‍ സ്വദേശി കെ.കെ. അഫ്‌സലിനായി (30) പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ചാലാട് സ്വദേശി ടി.കെ. മുഹമ്മദ് നിഹാലിന്റെ പരാതിയിലാണ് കേസ്. ബിസിനസില്‍ പങ്കാളിയാക്കാമെന്നും മാസം തോറും ലാഭവിഹിതം നല്‍കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ നിഹാലില്‍ നിന്നും തട്ടിയെടുക്കുകയായിരുന്നു.

ക്യൂനെറ്റ് മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് ബിസിനസില്‍ 1,75,000 രൂപ നിക്ഷേപിച്ചാല്‍ ആഴ്ചയില്‍ 15000 രൂപ ലഭിക്കുമെന്നായിരുന്നു പ്രതികള്‍ വാഗ്ദാനം ചെയ്തത്. ഇതില്‍ വിശ്വസിച്ച നിഹാല്‍ സെപ്റ്റംബര്‍ 10ന് പ്രതികള്‍ നല്‍കിയ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചു. എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും ലാഭവിഹിതം കിട്ടിയില്ല. പിന്നീട് ലാഭവിഹിതം ആവശ്യപെട്ട് പ്രതികളെ കുറേ തവണ വിളിച്ചിരുന്നെങ്കിലും പണം നല്‍കാന്‍ തയ്യാറായില്ലെന്ന് നിഹാല്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇതേ തുടര്‍ന്നാണ് നിഹാല്‍ കണ്ണൂര്‍ ടൗണ്‍ പോലിസില്‍ പരാതി നല്‍കിയത്.

വളപട്ടണം, എടക്കാട് സ്റ്റേഷന്‍ പരിധിയില്‍ സമാനരീതിയില്‍ തട്ടിപ്പ് നടന്നതായി പോലിസ് പറഞ്ഞു. വളപട്ടണത്ത് നിന്ന് നാലരലക്ഷം തട്ടിയതായാണ് പരാതി. കണ്ണൂര്‍ എ.സി. പി.ടി.കെ. രത്‌നകുമാറിന്റെ നിര്‍ദേശപ്രകാരം സി.ഐ. ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം എറണാകുളത്ത് വച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതിയെ പിടികൂടിയ സംഘത്തില്‍ എസ്.ഐ. രാജീവന്‍, എ.എസ്.ഐ, എം. അജയന്‍, കെ.പി. ഷാജി, എസ്.സ്.പി.ഒ. സ്‌നേഹേഷ്, സജിത്ത്, പ്രമോദ്, ഡ്രൈവര്‍ ശരത്ത് എന്നിവരും ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group