Join News @ Iritty Whats App Group

ഗോത്ര വിഭാഗത്തിൽ നിന്ന് രാഷ്ട്രപതി സ്ഥാനാർഥിയാകുന്ന ആദ്യ വനിത; ദ്രൗപദി മുർമു

ന്യൂഡൽഹി: ഗോത്ര വിഭാഗത്തിൽ നിന്നുള്ള ആദ്യ വനിതാ ഗവർണർ എന്ന നിലയിൽ ചരിത്രത്തിന്റെ ഭാഗമായി മാറിയ വ്യക്തിയാണ് ദ്രൗപദി മുർമു (Draupadi Murmu). എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായതോടെ മറ്റൊരു ചരിത്ര നിയോഗത്തിന്റെ അരികിലാണ് ഒഡീഷയിൽ നിന്നുള്ള ഈ നേതാവ്. ഗോത്ര വിഭാഗത്തിൽ നിന്ന് രാഷ്ട്രപതി സ്ഥാനാർഥിയാകാൻ അവസരം ലഭിച്ച ആദ്യ വനിതയായി അവർ മാറി.

സന്താൾ വിഭാഗത്തിൽ നിന്നുള്ള നേതാവ്

ഒഡീഷയിലെ സന്താൾ വിഭാഗത്തിൽ നിന്നുള്ള നേതാവാണ് ദ്രൗപദി മുർമു. 1958 ജൂൺ 20ന് ഒഡീഷയിലെ മയൂർഭഞ്ജ് ജില്ലയിലെ ഉപർബേഡ ഗ്രാമത്തിലാണ് ജനനം. പിതാവ് ബിരാൻചി നാരായൺ ടുഡു. ഭുവനേശ്വറിലെ രമാദേവി വനിതാ കോളജിൽ നിന്ന് ബിരുദം നേടിയ ദ്രൗപദി ഒഡീഷ ജലസേചന വകുപ്പിൽ ജൂനിയർ അസിസ്റ്റന്റായും രൈരാനഗറിലെ ശ്രീ അരവിന്ദോ ഇന്റഗ്രൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ ഹോണററി അസിസ്റ്റന്റ് ടീച്ചറായും പ്രവർത്തിച്ചു. പരേതനായ ശ്യാം ചരൺ മുർമുവാണ് ഭർത്താവ്. രണ്ട് ആൺമക്കളും ഒരു മകളുമായിരുന്നു മുർമുവിന്. ഇതിൽ ആൺമക്കൾ മരിച്ചു.

രാഷ്ട്രീയം

ബിജെപിയിലൂടെയാണ് ദ്രൗപദി മുർമു പൊതുരംഗത്തേക്ക് എത്തിയത്. 20 വർഷത്തിലേറെയായി പൊതുരംഗത്തുള്ള അവർ മുൻപ് ഒരിടവേള അധ്യാപികയായും പ്രവർത്തിച്ചു. 1997 ൽ രായിരനഗ്പുർ ജില്ലയിലെ കൗൺസിലറായാണ് രാഷ്ട്രീയ രംഗപ്രവേശം. അതേവർഷം തന്നെ ഒഡീഷയിലെ ഷെഡ്യൂൾഡ് ട്രൈബ്സ് മോർച്ച വൈസ് പ്രസിഡന്റായി. 2002 മുതൽ 2009 വരെയും 2013 ലും ബിജെപി മയൂർഭഞ്ജ് ജില്ലാ പ്രസിഡന്റായി. ഒഡീഷ നിയമസഭയിൽ രായിരനഗ്പുരിനെ പ്രതിനിധീകരിച്ചു. 2013 ൽ ബിജെപിയുടെ എസ്‌ടി മോർച്ച ദേശീയ എക്‌സിക്യൂട്ടീവ് അംഗമായി.

2000 മുതൽ 2002 വരെ നവീൻ പട്നായിക് നേതൃത്വം നൽകിയ ബിജു ജനതാദൾ- ബിജെപി സഖ്യ സർക്കാരിൽ സ്വതന്ത്ര ചുമതലയുള്ള വാണിജ്യ - ഗതാഗത മന്ത്രിയായും 2002 ഓഗസ്റ്റ് ആറു മുതൽ 2004 മേയ് 16 വരെ ഫിഷറീസ് - മൃഗസംരക്ഷണ വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു. ജാർഖണ്ഡിലെ ഗവർണർ ആയി (2015–2021) പ്രവർത്തിച്ചിട്ടുണ്ട്. ഒഡീഷ നിയമസഭയിൽ അംഗമായിരിക്കെ 2007 ൽ മികച്ച നിയമസഭാംഗത്തിനുളള പണ്ഡിറ്റ് നീലകണ്ഠ പുരസ്കാരം നേടി.
നരേന്ദ്ര മോദിയുമായും ആർഎസ്എസ് നേതൃത്വവുമായും എൻഡിഎ ഘടകകക്ഷി നേതാക്കളുമായും മികച്ച ബന്ധം പുലർത്തുന്ന വ്യക്തി കൂടിയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group