ഇരിട്ടി: വനമേഖലയോട് ചേർന്നുള്ള ഒരു കിലോമീറ്റർ പ്രദേശം പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ചുക്കൊണ്ടുള്ള കോടതി ഉത്തരവ് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന് മേലുള്ള കയന്നു കയറ്റമാണെന്ന് പി. സന്തോഷ് കുമാർ എം പിയും സി പി ഐ നേതാക്കളും പത്ര സമ്മേളനത്തിൽ പറഞ്ഞു. പരിതസ്ഥിതിയെ സംരക്ഷിക്കുന്നതിനോടൊപ്പം വനമേഖലയോട് ചേർന്ന് ജീവിക്കുന്ന ജനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കണം. ഇത്തരം നിയമങ്ങൾ ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകൾ മനസിലാക്കി വേണം നടപ്പിലാക്കാൻ. കേരളത്തെ പോലെ ജനസാന്ദ്രത കൂടിയ നാട്ടിൽ ഇത്തരം നിയമങ്ങൾ അപ്രായോഗികമാണ്. ഇതിനെതിരെ എല്ലാ തരത്തിലുമുള്ള വിയോജിപ്പുകളും മാറ്റിവെച്ച് യോജിച്ച പോരാട്ടം ആവശ്യമാണ്. കേരളത്തിൽ ഒരു ലക്ഷത്തോളം പേരെ ബാധിക്കുന്ന വിഷയമാണിത്. വനമേഖലയോട് ചേർന്ന ജീവിക്കുന്ന പാവപ്പെട്ട കുടുംബങ്ങളെയാണ് പ്രതികൂലമായി ബാധിക്കുന്നത്. ഇതിനെതിരെ സംസ്ഥാന, കേന്ദ്ര സർക്കാറുകളുടെ ഫലപ്രദമായ ഇടപെടൽ ആവശ്യമാണ്. കേരളത്തിന്റെ പ്രത്യേക സാഹചര്യം വിവരിച്ചുക്കൊണ്ട് കേന്ദ്ര വനം പരിസ്ഥിത മന്ത്രിക്ക് നിവേദനം നൽകിയതായും സന്തോഷ്‌കുമാർ എം പി പറഞ്ഞു. മലയോര ജനതയുടെ ആശങ്കയിൽ പങ്കുചേർന്ന് ചൊവ്വാഴ്ച്ച നടക്കുന്ന മലയോര ഹർത്താലുമായി എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പത്ര സമ്മേളനത്തിൽ സി പി ഐ നേതാക്കളായ കെ.ടി. ജോസ്, സി.പി. ഷൈജൻ, എ. പ്രദീപൻ, പായം ബാബുരാജ്, എൻ.പി. രവീന്ദ്രൻ എന്നിവരും പങ്കെടുത്തു.
പരിസ്ഥിതി ലോല പ്രഖ്യാപനം ; ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന് മേലുള്ള കടന്നു കയറ്റം- സി പി ഐ
News@Iritty
0
Post a Comment