Join News @ Iritty Whats App Group

വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം: യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം

വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും ജാമ്യം. അറസ്റ്റിലായ ഫർസീൻ മജീദിനും നവീൻ കുമാറിനും ജാമ്യവും സുജിത് നാരായണന് മുൻകൂർ ജാമ്യവുമാണ് ലഭിച്ചത്. ഫര്‍സീനും നവീനും റിമാന്‍ഡിലാണ്.
കണ്ണൂരിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. തിരുവനന്തപുരത്ത് ലാൻഡ് ചെയ്ത ശേഷമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം.

എല്‍ഡിഎഫ് കൺവീനർ ഇ പി ജയരാജൻ ഇവരെ മർദിച്ച് താഴെയിടുന്ന വിഡിയോ പിന്നീട് പുറത്തുവന്നിരുന്നു. 36 പേരാണ് കണ്ണൂരിൽ നിന്നു തിരുവനന്തപുരത്തേക്ക് യാത്രക്കാരായി ഉണ്ടായിരുന്നത്. പൈലറ്റും സഹപൈലറ്റും രണ്ട് കാബിൻ ക്രൂവും ഉൾപ്പെടെ മൊത്തം 40 പേർ വിമാനത്തിൽ ഉണ്ടായിരുന്നു. മുഖ്യമന്ത്രിയെ അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന കുറ്റം ചുമത്തി വധശ്രമത്തിനാണ് കേസടുത്തത്.

വിമാനത്തിൽ നടന്നത് മുദ്രാവാക്യം വിളിമാത്രമാണെന്നും അതിന് വധശ്രമത്തിന് കേസെടുക്കാൻ കഴിയില്ലെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചിരുന്നു. വിമാനം ലാൻഡ് ചെയ്തപ്പോൾ രണ്ട് വട്ടം മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തതെന്നും ഹർജിയിൽ ചൂണ്ടികാട്ടുന്നു. ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് പ്രതികളുടെ അഭിഭാഷകന്‍ ഈ വാദം ഉന്നയിച്ചത്. മുഖ്യമന്ത്രിയെ ആക്രമിച്ചില്ല. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും പ്രതികൾ അറിയിച്ചു.

ഇതോടെ വിമാനത്തിന് അകത്തെ ദൃശ്യം റെക്കോർഡ് ചെയ്യാൻ സംവിധാനം ഉണ്ടോ എന്ന് കോടതി ചോദിച്ചു. സിസിടിവി ലഭിച്ചാൽ പരിശോധിക്കാം എന്നും കോടതി വ്യക്തമാക്കി. പ്രോസിക്യൂഷൻ ഈ സിസിടിവി ദൃശ്യം ആവശ്യപ്പെട്ടതായി റിമാൻഡ് റിപ്പോർട്ടിൽ ഉണ്ടല്ലോ എന്നും ഒരു ഘട്ടത്തിൽ കോടതി ചോദിച്ചു. എന്നാൽ ചെറു വിമാനം ആയതിനാൽ സി സി ടി വി യില്ലെന്ന് ഡിജിപി വ്യക്തമാക്കി. എന്നാൽ ഇപ്പോൾ മാറ്റിയതായിരിക്കാം എന്ന് മൂന്നാം പ്രതി സുജിത്തിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

മുഖ്യമന്ത്രിയെ ആക്രമിക്കാൻ മൂന്ന് പ്രതികളും നേരെത്തെ പദ്ധതി ഇട്ടിരുന്നതായി ഡിജിപി വാദിച്ചു. വിമാനം ഇറങ്ങുന്നതിനു മുൻപ് മൂന്ന് പേരും നിരീക്ഷിക്കുന്നുണ്ടായിരുന്നു എന്ന് മൊഴി ഉണ്ട്. നിന്നെ വെച്ചേക്കില്ല എന്ന് ആക്രോശിച്ചു പ്രതികൾ അടുത്തേക്ക് വന്നു. ഇക്കാര്യം സ്ഥിരീകരിക്കുന്ന സാക്ഷിമൊഴികളും ഡിജിറ്റൽ രേഖകളുമുണ്ട്. പ്രതികളുടെ അക്രമത്തിൽ സുരക്ഷ ജീവനക്കാരന് പരിക്കേറ്റു. മൂന്ന് പേരും 13ാം തീയതിയാണ് ടിക്കറ്റ് എടുത്തത്. മൂന്ന് പേരും നിരന്തരം ആശയ വിനിമയം നടത്തിയിരുന്നു.ഗൂഢാലോചനയുടെ ഭാഗമാണ് ഈ ആക്രമണമെന്നും ഡിജിപി വാദിച്ചു. എന്നാൽ കോടതി ഒടുവിൽ ജാമ്യം നൽകുകയായിരുന്നു

Post a Comment

Previous Post Next Post
Join Our Whats App Group