Join News @ Iritty Whats App Group

കുരങ്ങുപനി കൊറോണ വൈറസ് പോലെയല്ല, കാട്ടുതീ പോലെ പടരില്ല: ICMR

കൊറോണ വൈറസിനെപ്പോലെ വ്യാപനശേഷിയുള്ളതല്ല കുരങ്ങുപനിയെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിലെ  വൈറോളജി മേധാവി ഡോ നിവേദിത ഗുപ്ത. എന്നിരുന്നാലും ഇന്ത്യയിലുടനീളം ജാഗ്രത ശക്തമാക്കിയിട്ടുണ്ടെന്നും നിവേദിത ​ഗുപ്ത ന്യൂസ് 18 നോട് പറഞ്ഞു.‌‌ രാജ്യത്തെ ‌ആരോഗ്യ ഗവേഷണ വിഭാഗം മങ്കിപോക്സ് വൈറസിന്റെ ആഗോള തലത്തിലുള്ള വ്യാപനം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
12-ലധികം രാജ്യങ്ങളിലായി 100-ലധികം കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. ലോകം ഇതുവരെയും കോവിഡ് മഹാമാരിയിൽ നിന്നും മുക്തമാകാത്ത സാഹചര്യത്തിൽ കുരങ്ങു പനി കൂടി എത്തിയത് വലിയ ആ​രോ​ഗ്യ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

''കൊറോണ വൈറസിന്റെ കാര്യത്തിൽ സംഭവിച്ചതു പോലെ, കാട്ടുതീ പോലെ കുരങ്ങുപനി പടരില്ല. അണുബാധ പടരാൻ വലിയ തുള്ളികൾ ആവശ്യമാണ്. രോഗവാഹകരുമായി ദീർഘനേരം മുഖാമുഖം സമ്പർക്കം പുലർത്തുന്നതാണ് മറ്റൊരു സാധ്യത. ഇങ്ങനെ സംഭവിക്കാൻ സാധ്യത കുറവാണ്. അതിനാൽ, കുരങ്ങുപനിയുടെ വ്യാപനം കോവിഡ് -19 പോലെ വേഗത്തിലല്ല'', നിവേദിത ​ഗുപ്ത പറഞ്ഞു. ഇതൊരു പുതിയ വൈറസല്ലെന്നും ചില ആഫ്രിക്കൻ പ്രദേശങ്ങളിൽ ഇത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇടയ്ക്കിടെ പൊട്ടിപ്പുറപ്പെടാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നും ശേഖരിച്ച എല്ലാ സാമ്പിളുകളും പരിശോധനയ്ക്കായി പൂനെയിലെ വൈറോളജി ലാബിലേക്ക് പരിശോധനക്ക് അയച്ചിട്ടുണ്ട്. എല്ലാ വിമാനത്താവളങ്ങളിലേക്കും ഇതു സംബന്ധിച്ച വിവരം കൈമാറിയിട്ടുണ്ട്. കുരങ്ങു പനി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള രാജ്യങ്ങളിൽ നിന്നും വരുന്ന യാത്രക്കാരുടെ എല്ലാ സാമ്പിളുകളും പൂനെയിലേക്ക് അയയ്ക്കും.

''നിലവിൽ, കുരങ്ങ് പനിക്കുള്ള വാക്‌സിനുകൾ നമ്മുടെ പക്കലില്ല. നേരത്തെ വസൂരിക്കെതിരായ വാക്‌സിനേഷൻ എടുത്ത ആളുകൾ സുരക്ഷിതരാണ്'', നിവേദിത ​ഗുപ്ത കൂട്ടിച്ചേർത്തു. ആഗോള സാഹചര്യം നിരീക്ഷിക്കുക, ജാഗ്രത വർദ്ധിപ്പിക്കുക, പരിശോധന വിപുലീകരിക്കുക എന്നീ കാര്യങ്ങൾ മാത്രമാണ് ഇപ്പോൾ നമുക്ക് ചെയ്യാൻ സാധിക്കുക എന്നും അവർ കൂട്ടിച്ചേർത്തു.

കുരങ്ങുപനിയുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ ആരോഗ്യ മന്ത്രാലയം തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. അവ ഉടൻ തന്നെ പുറത്തിറക്കാനാണ് സാധ്യത.

Post a Comment

Previous Post Next Post
Join Our Whats App Group