Join News @ Iritty Whats App Group

വിസ്മയ കേസ്; വിധി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പാഠമാകണം: ആന്റണി രാജു

വിസ്മയ കേസിലെ വിധി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പാഠമാകണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കിരണിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ട തീരുമാനം ശരിയാണെന്ന് തെളിഞ്ഞു. ശിക്ഷ ഉറപ്പായി. ജീവപര്യന്തം ശിക്ഷ നല്‍കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ കിരണ്‍കുമാര്‍ കുറ്റക്കാരനാണെന്നും പ്രതിയുടെ മേല്‍ ചുമത്തിയിരിക്കുന്ന ഗാര്‍ഹിക പീഡനം തെളിഞ്ഞെന്നും കോടതി വ്യക്തമാക്കി. കിരണ്‍ കുമാറിന്റെ ജാമ്യം റദ്ദാക്കി. ശിക്ഷാ വിധി നാളെ പ്രസ്താവിക്കും. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് സുപ്രധാന കേസില്‍ വിധി പറഞ്ഞത്. അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ സുജിത്താണ് വിധി പ്രസ്താവിച്ചത്. കേസിലെ പ്രതിയും വിസ്മയയുടെ ഭര്‍ത്താവുമായ കിരണ്‍ കുമാറിനെതിരെ ഏഴ് വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

സ്ത്രീധന പീഡനം മൂലമുള്ള മരണം, സ്ത്രീധന പീഡനം, ആത്മഹത്യാപ്രേരണ, പരിക്കേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളും സ്ത്രീധന പീഡന നിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളുമാണ് ചുമത്തിയിരുന്നത്. 42 സാക്ഷികളും 120 രേഖകളും 12 തൊണ്ടിമുതലുകളുമാണ് കേസിലുണ്ടായിരുന്നത്. ഡിജിറ്റല്‍ തെളിവുകളും നിര്‍ണായകമായി.

2021 ജൂണ്‍ 21നാണ് വിസ്മയ ആത്മഹത്യ ചെയ്തത്. കിരണിന്റെ വീട്ടില്‍ വിസ്മയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 2020 മെയ് 30നാണ് വിസ്മയയും കിരണ്‍ കുമാറും തമ്മിലുള്ള വിവാഹം നടന്നത്. സ്ത്രീധനമായി കൂടുതല്‍ സ്വര്‍ണം ആവശ്യപ്പെട്ടും വിസ്മയയുടെ വീട്ടുകാര്‍ നല്‍കിയ കാറില്‍ തൃപ്തനല്ലാത്തിനാലും വിസ്മയയെ നിരന്തരം മാനസികമായും ശാരീരികമായി കിരണ്‍ കുമാര്‍ പീഡിപ്പിച്ചിരുന്നെന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിട്ടുള്ളത്.

ഈ വര്‍ഷം ജനുവരി പത്തിനാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. ഇതിനിടെ വകുപ്പ് തല അന്വേഷണത്തില്‍ കിരണ്‍ കുമാറിനെ മോട്ടോര്‍ വാഹന വകുപ്പിലെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടിരുന്നു. കേസിന്റെ വിചാരണ പൂര്‍ത്തിയായതോടെ കിരണ്‍കുമാറിന് സുപ്രീംകോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group