Join News @ Iritty Whats App Group

ഹജ്ജ് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു; പ്രത്യേക പെർമിറ്റ് ഇല്ലാത്തവർക്ക് മക്കയിൽ പ്രവേശിക്കാൻ വിലക്ക്

ഹജ്ജിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന മക്കയിലേക്ക് ഇനി പ്രത്യേക പെർമിറ്റ് ഉള്ളവർക്ക് മാത്രം പ്രവേശനം. ബന്ധപ്പെട്ട വകുപ്പുകളില്‍നിന്ന് പ്രത്യേക പെര്‍മിറ്റ് നേടാത്തവര്‍ മക്കയില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക്  പ്രാബല്യത്തില്‍വന്നതായി പൊതുസുരക്ഷാ വകുപ്പ് വക്താവ് ബ്രിഗേഡിയര്‍ സമി അല്‍ ശുവൈരിഖ് അറിയിച്ചു.

പ്രത്യേക പെര്‍മിറ്റില്ലാതെ മക്കയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്ന വിദേശികളെയും വാഹനങ്ങളും മക്കയുടെ പ്രവേശന കവാടങ്ങളിലെ ചെക്ക് പോസ്റ്റുകളില്‍ നിന്ന് തിരിച്ചയക്കും. ജോലി ആവശ്യാര്‍ഥം മക്കയിലും പുണ്യസ്ഥലങ്ങളിലും പ്രവേശിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളില്‍നിന്ന് ലഭിച്ച പ്രത്യേക പെര്‍മിറ്റ്, മക്ക ജവാസാത്ത് ഇഷ്യു ചെയ്ത ഇഖാമ, ഉംറ പെര്‍മിറ്റ്, ഹജ് പെര്‍മിറ്റ് എന്നിവയില്‍ ഏതെങ്കിലും ഒരു രേഖയുള്ള വിദേശികളെ മാത്രമേ മക്കയില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂവെന്നും അല്ലാത്തവരെ ചെക്ക് പോസ്റ്റുകളില്‍നിന്ന് തിരിച്ചയക്കുമെന്നും ബ്രിഗേഡിയര്‍ സമി അല്‍ശുവൈരിഖ് പറഞ്ഞു.

വിദേശികള്‍ക്ക് മക്കയില്‍ പ്രവേശിക്കുന്നതിനുള്ള പെര്‍മിറ്റുകള്‍ക്കുള്ള അപേക്ഷകള്‍ ജവാസാത്ത് ഡയറക്ടറേറ്റ് സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ഗാര്‍ഹിക തൊഴിലാളികള്‍, മക്കയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികള്‍, ഹജ് കാലത്ത് മക്കയിലെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ സീസണ്‍ തൊഴില്‍ വിസകളില്‍ എത്തുന്നവര്‍ എന്നീ വിഭാഗങ്ങളില്‍ പെട്ടവര്‍ക്കാണ് ഓണ്‍ലൈന്‍ വഴി പ്രത്യേക പെര്‍മിറ്റ് അനുവദിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിര്‍ ഇന്‍ഡിവിജ്വല്‍സ് വഴിയാണ് ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള പെര്‍മിറ്റ് അനുവദിക്കുന്നത്. തങ്ങള്‍ക്കു കീഴിലെ തൊഴിലാളികള്‍ക്കുള്ള പെര്‍മിറ്റുകള്‍ സ്ഥാപനങ്ങള്‍ക്ക് മുഖീം പോര്‍ട്ടല്‍ വഴിയും അനുവദിക്കുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി.

Post a Comment

Previous Post Next Post
Join Our Whats App Group