Join News @ Iritty Whats App Group

അതിജീവിതയെ അപമാനിച്ചു; എല്‍ഡിഎഫ് നേതാക്കള്‍ക്കെതിരെ വനിത കമ്മീഷനില്‍ പരാതി നല്‍കി ജെ ബി മേത്തര്‍



നടിയെ ആക്രമിച്ച കേസില്‍ അട്ടിമറി ശ്രമം നടക്കുന്നെന്ന് പരാതി നല്‍കിയ അതിജീവിതയെ അപമാനിച്ചുവെന്ന് ആരോപിച്ച് എല്‍ഡിഎഫ് നേതാക്കള്‍ക്കെതിരെ വനിതാ കമ്മീഷനില്‍ പരാതി. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയും എം പിയുമായ ജെബി മേത്തര്‍ ആണ് പരാതി നല്‍കിയത്.

മുന്‍ മന്ത്രി എം എം മണി, ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു, സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് മഹിളാ കോണ്‍ഗ്രസിന്റെ ആവശ്യം. ഭരണഘടനാ പദവിയില്‍ ഇരുന്നിട്ടുള്ളവരും ഇപ്പോള്‍ ആ സ്ഥാനങ്ങള്‍ വഹിക്കുന്ന ആളുകളും ബോധപൂര്‍വം അതിജീവിതയെ സമൂഹത്തിന് മുന്നില്‍ ആക്ഷേപിക്കുന്ന തരത്തിലാണ് ചില പ്രസ്താവനകള്‍ നടത്തിയത്. ഇത്തരം പ്രസ്താവനകള്‍ അതിജീവിതയ്ക്ക് മാത്രമല്ല, സ്ത്രീകളെ പൊതുവായി അപമാനിക്കുന്നവയാണ് എന്നും പരാതിയില്‍ പറയുന്നു.

അതേസമയം അതിജീവിത എപ്പോള്‍ പരാതി നല്‍കണമെന്ന് തീരുമാനിക്കുന്നത് യുഡിഎഫ് അല്ലെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. കേസില്‍ അന്വേഷണം വഴിതെറ്റിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതിലാണ് ദൂരുഹത. തെറ്റായ നടിപടി ജനങ്ങള്‍ മനസിലാക്കും. സ്ത്രീകളുടെ ഇത്തരം പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ വെള്ളം ചേര്‍ക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

കേസില്‍ യുഡിഎഫ് രാഷ്ട്രീയം കലര്‍ത്തിയിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശനും പ്രതികരിച്ചു. പ്രതിപക്ഷത്തിന് കേസ് തിരഞ്ഞെടുപ്പ് ആയുധമല്ല. കേസിനെ രാഷ്ട്രീയമായി ഉപയോഗിച്ചിട്ടില്ല. നടി കോടതിയെ സമീപിച്ചതില്‍ ദുരൂഹതയുണ്ടെങ്കില്‍ അക്കാര്യം അന്വേഷിക്കേണ്ടത് പൊലീസും സര്‍ക്കാരുമാണ്. അതിജീവിതയ്ക്കൊപ്പമെന്ന് പറയുന്ന സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുന്ന പ്രതീതിയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. നടിയെ മുന്നില്‍ നിര്‍ത്തി വോട്ട് ചോദിക്കേണ്ട ആവശ്യം യുഡിഎഫിനില്ലെന്നായിരുന്നു കെ മുരളീധരന്‍ എംപിയുടെ പ്രതികരണം

Post a Comment

Previous Post Next Post
Join Our Whats App Group