Join News @ Iritty Whats App Group

ജില്ലയില്‍ 21 കുടുംബാരോഗ്യകേന്ദ്രങ്ങള്‍കൂടി തുടങ്ങുമെന്ന് മന്ത്രി വീണാ ജോര്‍ജ്



കണ്ണൂര്‍

ആര്‍ദ്രം മിഷന്റെ മൂന്നാംഘട്ടത്തില്‍ ജില്ലയില്‍ 21 കുടുംബാരോഗ്യകേന്ദ്രങ്ങള്‍കൂടി തുടങ്ങുമെന്ന് മന്ത്രി വീണാ ജോര്‍ജ്.
പായം പഞ്ചായത്തിലെ വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം ഓണ്‍ലൈനായി ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.

ജില്ലയില്‍ ഇതുവരെ 35 പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തി. ഒന്നാംഘട്ടത്തില്‍ 11ഉം രണ്ടാംഘട്ടത്തില്‍ 24ഉം കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് തുടങ്ങിയത്. മൂന്നാംഘട്ടത്തില്‍ 21 കേന്ദ്രങ്ങള്‍കൂടി വന്നാല്‍ ജില്ലയിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം 82 ആയി ഉയരുമെന്നും മന്ത്രി പറഞ്ഞു.

2018ലെ പ്രളയത്തില്‍ മണ്ണിടിഞ്ഞ് തകര്‍ന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പകരമാണ് നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍ അനുവദിച്ച 2.32 കോടി രൂപ ഉപയോഗിച്ച്‌ കുടുംബാരോഗ്യ കേന്ദ്രം നിര്‍മിച്ചത്.

വള്ളിത്തോട് ഷാരോണ്‍ ഫെലോഷിപ്പ്‌ ചര്‍ച്ച്‌ കെട്ടിടം നിര്‍മിക്കാന്‍ ഒന്നര ഏക്കര്‍ സൗജന്യമായി നല്‍കി. ഷാരോണ്‍ ചര്‍ച്ചിന്റെ പഴയ കെട്ടിടത്തിലാണ്‌ താല്‍ക്കാലികമായി ആരോഗ്യ കേന്ദ്രം പ്രവര്‍ത്തിച്ചത്. രണ്ടു സ്ഥിരം ഡോക്ടര്‍മാരുടെയും ഒരു പഞ്ചായത്ത് ഡോക്ടറുടെയും സേവനം ഇവിടെയുണ്ട്. പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ രോഗികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കും.

അത്യാഹിത വിഭാഗം, ഗര്‍ഭകാല പരിശോധന, വയോജന ക്ലിനിക്ക്, പ്രതിരോധ കുത്തിവയ്‌പ്‌, മുലയൂട്ടല്‍ കേന്ദ്രം, മൂന്നു ഒ പി കൗണ്ടറുകള്‍, ലബോറട്ടറി, ഫാര്‍മസി, കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയവയുണ്ട്‌. കിടത്തി ചികിത്സയില്ലെങ്കിലും അടിന്തരഘട്ടത്തില്‍ നാലുപേരെ ചികിത്സിക്കാന്‍ സൗകര്യമുണ്ട്‌.

സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷനായി. കണ്ണൂര്‍ ഡെപ്യൂട്ടി ഡിഎംഒ ഡോ. വി പി രാജേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഒ പി ബ്ലോക്ക് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അഡ്വ. ബിനോയ് കുര്യനും ലാബ് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ വേലായുധനും ഇമ്യൂണൈസേഷന്‍ ബ്ലോക്ക് പായം പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എം വിനോദ് കുമാറും മീറ്റിങ് ഹാള്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ്‌ എന്‍ അശോകനും ഉദ്ഘാടനംചെയ്തു. ഷാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ച്‌ ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ജേക്കബ് ജോര്‍ജിനെ ഇരിട്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പി പി രവീന്ദ്രന്‍ ആദരിച്ചു. പായം പഞ്ചായത്ത് പ്രസിഡന്റ്‌ പി രജനി, ലിസി ജോസഫ്, ഹമീദ് കണിയാട്ടയില്‍, വി പ്രമീള, പി എന്‍ ജെസി, മുജീബ് കുഞ്ഞിക്കണ്ടി തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment

Previous Post Next Post